പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കി കിട്ടാൻ ശയനപ്രദക്ഷിണം, ഇടുക്കിയിൽ അപൂർവ്വ പ്രതിഷേധം
ഇടുക്കി: വെള്ളിയാമറ്റത്ത് പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിക്കിട്ടാനായി ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് റോഡ് പണി മുടങ്ങിയത്.
കുണ്ടും കുഴിയും നിറഞ്ഞ വെള്ളിയാമറ്റം- ചെപ്പുകുളം റോഡിന്റെ ശാപമോക്ഷത്തിനായാണ് നാട്ടുകാരുടെ ഈ ശയനപ്രദക്ഷിണം. അധികാരികളുടെ കണ്ണുതുറക്കാനാണ് ശരീരം വയ്യെങ്കിലും വൃദ്ധരടക്കമുള്ളവര്‍ മുട്ടിലിഴഞ്ഞത്. കഴിഞ്ഞ അഞ്ച് കൊല്ലമായി പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിതത്തിലാണ് നാട്ടുകാര്‍.
സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിൽ വെള്ളിയാമറ്റംകാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും ഇല്ലെന്നവര്‍ പറയുന്നു. അധികാരികൾ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ വലിയ പ്രതിഷേധപരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.അതേസമയം നിയമം അനുസരിച്ചെ അനുമതി നൽകാനാവൂയെന്നാണ് വനംവകുപ്പിന്റെ മറുപടി.