മുൻ എം എൽ എ കമറുദ്ദീനെ ക്രൈംബ്രാഞ്ച് പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്യും
കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എ എംസി കമറുദ്ദീന് കാസര്‍കോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഡിവൈഎസ്പി എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിലവില്‍ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യുക. നിക്ഷേപത്തട്ടിപ്പ് കേസില്‍ 80 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞശേഷം ഇപ്പോള്‍ ജാമ്യത്തിലാണ് കമറുദീന്.
മഞ്ചേശ്വരം മുന്‍ എംഎംല്‍എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന എം സി കമറുദ്ദീന് അറസ്റ്റിലായ നവംബര്‍ ഏഴ് മുതല്‍ ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതിയില്‍ കീഴടങ്ങിയത്. ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷിക്കുന്നതിനിടെയാണ് പൂക്കോയ തങ്ങളുടെ കീഴടങ്ങല്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടി തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.