വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ച്ച,പ്രതികള്‍ പിടിയില്‍
മറയൂര്‍: വീട് കുത്തിത്തുറന്ന് മോഷ്ടിച്ച വളകള്‍ വീട്ടില്‍ സൂക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്ന പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ചു പേര് അറസ്റ്റില്‍. കോവില്‍കടവ് പത്തടിപ്പാലം സ്വദേശികളായ നിനിഷ് (39), അരുണ്‍ കുമാര്‍ (39), രമേശ് (46), മണികണ്ഠന് (46), കോട്ടക്കുളം സ്വദേശി മുത്തുരാജ് (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച കാന്തല്ലൂര്‍ പഞ്ചായത്തില്‍ കര്‍ശനാട് അമ്പലകോട്ടയില് പാറയടിയില്‍ ജോര്‍ജിന്റെ വീട്ടില്‍നിന്നും 7 പവന് സ്വര്‍ണം മോഷണം പോയ കേസിലാണ് അറസ്റ്റ്. വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്ത് ആയതിനാല്‍ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കോവില്‍ കടവില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയപ്പോഴാണ് പുറകുവശത്ത് വാതില്‍ കുത്തിപ്പൊളിച്ച നിലയിലും അലമാരയില്‍നിന്നും സ്വര്‍ണം മോഷണം പോയതും അറിഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രി 4 പ്രതികളെ കോവില്‍കടവില്‍ നിന്നും പ്രധാന പ്രതിയായ വിനീഷിനെ തേനി ബോഡിനായ്ക്കന്നൂരില്‍ ഭാര്യയുടെ വീട്ടില്‍നിന്നും പിടികൂടി. ഇന്നലെ പ്രതികളുമായി മോഷണം നടത്തിയ വീട്ടിലും സ്വര്‍ണം ഒളിപ്പിച്ചുവെച്ച നിനീഷിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നിനിഷിന്റെ വീട്ടില്‍ നിന്നും 3 വളകളും മറയൂരുള്ള സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ച ഒരു വളയും അന്വേഷണ സംഘം കണ്ടെത്തി. മറ്റൊരു സ്ഥാപനത്തില്‍ പണയം വച്ചിരിക്കുന്ന ബാക്കി സ്വര്‍ണത്തിനായി പ്രതികളെ കസ്റ്റഡിയിലെടുത്തു തെളിവെടുപ്പ് നടത്തുമെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.ടി ബിജോയ് പറഞ്ഞു.
പ്രതികളുടെ വൈകിട്ടോടെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.ടി ബിജോയ്, എസ്.ഐ: അനൂപ് മോന്, എ.എസ്.ഐ: കെ.പി ബെന്നി, ഹരീഷ്കുമാര്‍, രാജീവ് കെ.കെ, ഡെനിഷ്, സുധീഷ്, എബിന് തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.