മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി; മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാര്‍ട്ടി വിട്ടതായി വ്യക്തമായത്. ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുകയാണ് എന്ന് മാത്രമാണ് സുഷ്മിത അറിയിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ദേവിന്റെ മകളാണ്. അസമിലെ സില്‍ചാറില്‍ നിന്നാണ് എംപി ആയത്.
പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാര്‍ട്ടി വിടുന്നതിന്റെ കാരണം സുഷ്മിതാ പറയുന്നില്ല. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് ഒപ്പം സുഷ്മിതയുടെ അടക്കം ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണിരുന്നു
രാഹുല്‍ ഗാന്ധി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അവരുടെ ചിത്രമുള്ള പോസ്റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിരുന്നു.