ദീർഘകാല സേവന മികവിനുള്ള പുരസ്കാരം സ്കൗട്ട്സ് ലീഡർ ഏറ്റുവാങ്ങിയത് മാതാപിതാക്കളിൽ നിന്ന്
പാലക്കുന്ന് : സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെ ദീർഘകാല സേവന മികവിനുള്ള അംഗീകാര പുരസ്കാരം മാതാപിതാക്കളിൽ നിന്ന് റോവർ സ്കൗട്ട്സ് ലീഡർ അജിത് സി. കളനാട് ഏറ്റുവാങ്ങിയത് 75-ആം സ്വാതന്ദ്ര്യദിനാഘോഷനാളിലെ കൗതുക കാഴ്ചയായി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രംഗത്തെ 31 വർഷത്തെയും റോവർ സ്കൗട്ട്സിൽ 25 വർഷത്തെയും സേവന പ്രവർത്തന മികവ് കണക്കിലെടുത്ത് ഭാരത് സ്കൗട്ട്സ് നൽകുന്ന അവാർഡ്
സംസ്ഥാന ഗവർണ്ണറോ വിദ്യാഭ്യാസ മന്ത്രിയോ സമ്മാനിക്കുന്നതാണ് പതിവ് രീതി. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത മുടങ്ങിയപ്പോൾ തിരുവനന്തപുരത്തുനിന്ന് മെഡലും സർട്ടിഫിക്കറ്റും ജില്ലാ ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. മഹനീയ വ്യക്തികളിൽ നിന്ന് ഏറ്റുവാങ്ങേണ്ട പുരസ്കാരം, 14- മത്തെ വയസിൽ സ്കൗട്ട്സിൽ ചേരാൻ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളിൽ നിന്നാവട്ടെയെന്ന അജിത്തിന്റെ ആഗ്രഹം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. അറിയപ്പെടുന്ന പൂരക്കളി പണിക്കരായ 84 കാരൻ അച്ഛൻ സി. രാഘവൻ പണിക്കർ മെഡലും ചന്ദ്രഗിരി സ്കൂൾ ജീവനക്കാരിയായിരുന്ന അമ്മ ടി.വി. ലീല സർട്ടിഫിക്കറ്റും നൽകുന്ന അനുമോദന ചടങ്ങു കാണാൻ ബന്ധുക്കളും സമീപവാസികളും കളനാട് തൊട്ടിയിലെ ‘പണിക്കർ ഹൗസിൽ’ സ്വാതന്ത്ര്യ ദിനാഘോഷനാളിൽ എത്തിയിരുന്നു.