ചെരിപ്പ് പുറത്ത് വെക്കാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ചെരിപ്പേറും അസഭ്യവര്‍ഷവും
ആറ്റിങ്ങല്‍: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ഡോ. ജയശാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പരിശോധനയ്ക്കെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഡോക്ടര്‍ക്ക് നേരെ ചെരിപ്പൂരി എറിയുകയായിരുന്നു. കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് ചെരിപ്പൂരി മാത്രം കയറണമെന്ന് ആവശ്യപ്പെട്ടതായിരുന്നു രോഗികളെ ചൊടിപ്പിച്ചത്.
പ്രകോപിതരായ ഇവര്‍ ഡോക്ടര്‍ക്ക് നേരെ ചെരിപ്പ് എറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സിന്റേ ദേഹത്തായിരുന്നു ചെരിപ്പ് പതിച്ചത്.
ഡോ. ജയശാലി ചെരിപ്പൂരിയെറിഞ്ഞവര്ക്കെതിരെ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്കി. കേട്ടാലറയ്ക്കുന്ന തെറിവാക്കുകള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ചെരിപ്പേറ് സംഭവവും നടന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുള്ള ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദനമേറ്റിരുന്നു. ചികിത്സ തേടിയെത്തിയ രണ്ട് പേരായിരുന്നു ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്.