കോവിഡ് നിയമം ലംഘിച്ച് വിവാഹാഘോഷം.ചെമ്മനാട് കോളിയടുക്കത്തെ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു.
കാസർകോട് :കോവിഡ് നിയമത്തെ വെല്ലുവിളിച്ച് വിവാഹാഘോഷം കൊഴുപ്പിച്ച് ജനങ്ങളിൽ ഭീതി പരത്തിയവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ചെമ്മനാട് കോളിയടുക്കത്തെ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് നിയമം വെല്ലുവിളിച്ച് വിവാഹാഘോഷം നടന്നത്. ശനിയാഴ്ച വൈകിട്ട് ഇവിടെ തകർപ്പൻ പരിപാടികകളും വിപുലമായ സദ്യ യുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അന്യദിക്കുകളിൽ നിന്ന് വാഹനങ്ങളിൽ നിരവധിപേരെത്തി. മഹാമാരിക്കിടയിൽ ഇത് കണ്ട് അമ്പരന്ന ജനം ജില്ലാ ഭരണകൂടത്തെയും
പോലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ തന്നെ പോലീസ് എത്തി ആഘോഷം നിയന്ത്രിക്കുകയായിരുന്നു.ജില്ലാ പോലീസ് ചീഫിനും ഇത് സംബന്ധിച്ച് പരാതി കിട്ടിയിരുന്നു.അതിനിടെ ഇന്നും വിവാഹ പരിപാടികൾ തുടരുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പോലീസ് ഇന്നലെയും ഇന്നുമായി വിവാഹത്തിൽ എത്തിയവരുടെ വാഹനങ്ങൾ പരിശോധിച്ച് കർശന നടപടിക്ക് ഒരുങ്ങുകയാണ്.ഇവർക്ക് സമൻസ് അയച്ച് വിളിച്ചുവരുത്തി പിഴയീടാക്കുമെന്ന് മേൽപ്പറമ്പ് പോലീസ് പറഞ്ഞു.
അതേസമയം പഞ്ചായത്ത് കാര്യാലയ ത്തിന്റെ മൂക്കിന് താഴെ
പരസ്യമായി ഇത്തരമൊരു നിയമലംഘനം നടന്നതെങ്ങനെയെന്ന് ജനം ചോദ്യമുയർത്തിക്കഴിഞ്ഞു. ഡെങ്കിപ്പനിയും കോവിഡും കൊണ്ട് പൊറുതിമുട്ടിയ പ്രദേശത്ത്
നടന്ന ഈ പരിപാടിക്ക് പഞ്ചായത്തിലെ ചിലരുടെ സഹായവും ഉള്ളതായി നാട്ടുകാർ ആരോപിച്ചു.