എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തീവ്ര ഇടതുപക്ഷ വിരുദ്ധൻ.. തുറന്നടിച്ച് സിപിഎം കുറിപ്പ് ,ജമാഅത്തെ ഇസ്ലാമി നീക്കം പൊളിച്ചത് സുന്നികളെന്ന് ഇലക്ഷൻ അവലോകനം
തിരുവനന്തപുരം: എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷവിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്ത വിധത്തിൽ ശക്തമായി ഇടപെടലുണ്ടാവണമെന്ന നിർദേശവുമായി സി പി എം. തിരഞ്ഞെടുപ്പ് അവലോകനത്തിന് പാർട്ടിയുടെ ഓരോ ഘടകങ്ങളും സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ച് സംസ്ഥാനകമ്മിറ്റി നൽകിയ കത്തിലാണ് ഈ നിർദ്ദേശമുള്ളത്.’സമുദായ സംഘടനകൾ പൊതുവായി ഇടതുപക്ഷത്തോട് അനുകൂല സമീപനം സ്വീകരിച്ചത് തിരഞ്ഞെടുപ്പിൽ ഗുണമായി. യു ഡി എഫിന് അനുകൂലമായി ക്രിസ്ത്യൻ, മുസ്ലിം ഏകീകരണം ഉണ്ടാവുകയും ചെയ്തില്ല. അതേസമയം എൻ എസ് എസ് സർക്കാരുമായി നിസ്സഹകരണ മനോഭാവമാണ് സ്വീകരിച്ചത്.ഇത് വഷളാകാതിരിക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിച്ചിരുന്നു. വിമർശനങ്ങൾക്ക് മറുപടി പറയുമ്പോഴും പാർട്ടി നേതാക്കൾ സംയമനമാണ് സ്വീകരിച്ചത്. ഇത് നായർ സമുദായത്തിലെ പുരോഗമന വാദികൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതിന് സഹായകമായി. മറ്റു സാമൂഹികവിഭാഗങ്ങളെ ഇടതുപക്ഷത്തോട് ചേർത്തുനിർത്താൻ സർക്കാരിന്റെ പ്രവർത്തനം സഹായിച്ചെന്നും സി പി എം വിലയിരുത്തുന്നു.മുസ്ലിം സമുദായത്തെ ഏകീകരിച്ച് യു ഡി എഫിനൊപ്പം നിർത്താൻ ശ്രമം നടന്നു. ജമാഅത്തെ ഇസ്ലാമി ഇതിനുവേണ്ടിയാണ് ശ്രമിച്ചത്. എന്നാൽ, സുന്നി കാന്തപുരം വിഭാഗം ഈ നീക്കം പൊളിച്ചു. മുസ്ലിം വിഭാഗത്തിലെ ചിലരെ സ്വതന്ത്രസ്ഥാനാർത്ഥികളാക്കിയത് രാഷ്ട്രീയപരമായ നേട്ടമാണ്. ഇവരിലൂടെ മറ്റുള്ളവരെയും പാർട്ടിയിലേക്ക് കൊണ്ടുവരാനാകണം. ഇത്തരം പരീക്ഷണത്തെ ഉൾക്കൊള്ളാൻ പ്രാദേശികമായി ചില പാർട്ടി അംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ രാഷ്ട്രീയസാദ്ധ്യതകളെക്കുറിച്ച് അത്തരക്കാരെ ബോധ്യപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.