ബി.ജെ.പി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയത് തല കീഴായി; പതാക ഉയര്‍ത്തിയത് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുന്ന സമയത്ത് പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് നേതാക്കള്‍ക്ക് തെറ്റ് മനസിലായത്. മുകളില്‍ വരേണ്ട കുങ്കുമ നിറത്തിന് പകരം പച്ച നിറമായിരുന്നു മുകളില്‍ വന്നത്.
തുടര്‍ന്ന് കൊടി തിരികെയിറക്കുകയും വീണ്ടും ഉയര്‍ത്തുകയും ചെയ്തു.
പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.
കെ. സുരേന്ദ്രന് പുറമെ മുന്‍ എം.എല്‍.എ ഒ. രാജഗോപാല്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.