സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണായാതിരിക്കാൻ
ജനാധിപത്യ -മതേതര മൂല്യങ്ങൾ ശക്തിപ്പെടുത്തണം :
മന്ത്രി ദേവർകോവിൽ
കാസർകോട് :ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇന്ന് ജില്ലയിൽ കോവിഡ് നിയന്ത്രണം പാലിച്ച് ആഘോഷിച്ചു. ജില്ലാതല ആഘോഷം വിദ്യാനഗർ മു നിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. മുഖ്യാതിഥി മന്ത്രി അഹ്മദ് ദേവർകോവിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
മന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം :രാജ്യം 75-ാം സ്വാതന്ത്ര്യദിനത്തിലൂടെ കടന്നുപോകുമ്പോള്‍ ദേശസ്നേഹ ഭരിതമായ നമ്മുടെ മനസ്സുകള്‍ അത്യാഹ്ലാദത്തിലാണ്. ഏഴര പതിറ്റാണ്ട് നീണ്ട ഒരു യാത്രയിലെ നിര്‍ണായകമായ നാഴികക്കല്ലാണിത്. ഒരു ജനതയുടെ സ്വപ്ന സാഫല്യമായിരുന്നു 1947 ആഗസ്റ്റ് 15ന് സാക്ഷാ
ത്കരിക്കപ്പെട്ടത്. വിദേശ മേല്കോയ്മയില് നിന്നുള്ള രാജ്യത്തിന്റെ മോചനമായിരുന്നു നമുക്ക് മുമ്പേ കടന്നുപോയ മഹാരഥന്മാരായ രാഷ്ട്രശില്പികളുടെ സ്വപ്നവും ലക്ഷ്യവും. 1947 ആഗസ്റ്റ് 14ന് അര്‍ധ രാത്രി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനാ നിര്‍മാണ സഭയില്‍
ആധുനിക ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിച്ച് വിശിഷ്ട വ്യക്തിത്വങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു:
ഈ പാതിരാവില്‍ ലോകം ഗാഢനിദ്രയിലമരുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന്. ആ ഉണര്വില്നിന്നുള്ള ഏഴര പതിറ്റാണ്ട് നീണ്ട രാഷ്ട്രത്തിന്റെ പ്രയാണം, മഹാത്മാജിയും ജവര്‍ഹലാല്‍ നെഹ്റവും അബുല്‍കലാം ആസാദുമൊക്കെ
ഉള്‍ക്കൊള്ളുന്ന രാഷ്ട്രശില്പികള് വിഭാവന ചെയ്ത ഒരു ആധുനിക രാഷ്ട്രത്തിന്റെ സൃഷ്ടിക്കു വേണ്ടിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഇന്ന് വളര്‍ന്നിരിക്കുന്നു. അതിന്റെ യശസ്സ് വാനോളമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ ശബ്ദം ലോകം കാ
തോര്ത്തുകേള്ക്കുന്നു. 135 കോടി ജനതയുടെ ആശയാഭിലാഷങ്ങളും സ്വപ്നങ്ങളുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം നാം തരണം ചെയ്തത് കനത്ത വെല്ലുവിളികളായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഒരു ഭാഗത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന് പകരേണ്ടതുമായ ഉത്തരവാദിത്വം മറ്റൊരു ഭാഗത്ത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നാം കൈവരിച്ച
മുന്നേറ്റങ്ങള്‍ പരാശ്രയമില്ലാതെ ജീവിക്കാനുള്ള കരുത്ത് നമുക്ക് നേടിത്തന്നു. ഹരിത വിപ്ലവം വിശപ്പും പട്ടിണിയും ഒരു പരിധി വരെയെങ്കിലും പഴങ്കഥയാക്കി. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വിപ്ലവം അടിസ്ഥാന വികസന രംഗത്ത് ഇന്ത്യയെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രബല ശക്തിയാക്കി
വളര്‍ത്തി. ബാഹ്യമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നമ്മുടെ പ്രതിരോധ സന്നാഹങ്ങള്‍ പര്യാപതമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചു. സമാധാനവും സഹവര്‍ത്തിത്വവും പാരസ്പര്യവും പൂത്തുലയുന്ന ഒരു ലോകത്തെ കുറിച്ചുള്ള സന്ദേശമായിരുന്നു നമുക്ക് ആഗോള സമൂഹത്തിന് കൈമാ
റാനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ മാനവികതയിലൂന്നിയ നയനിലപാടുകള്‍ ലോകം കാതോര്‍ത്തുകേട്ടു. മഹാത്മജിയെ മാര്‍ഗദര്‍ശകനായും വഴി വിളക്കായും ലോകസമൂഹം നോക്കിക്കണ്ടു.
സ്വാതന്ത്ര്യം പൊരുതിനേടുക എന്നത് പോലെ തന്നെ പ്രധാനമാണ് അത് കാത്തുസൂക്ഷിക്കുക എന്നതും. പൗരസമത്വം ഭരണഘടനയുടെ അക്ഷരങ്ങളില്‍ ഒതുങ്ങാതെ ജീവന് തുടിക്കുന്ന മഹത്തായ ആശയമായി കൊണ്ടുനടക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് നാം ചുമലിലേറ്റുന്നത്. നാനാത്വത്തിലെ ഏകത്വം കേള്‍ക്കാന്‍ ഇമ്പമുള്ള രാഷ്ട്രീയ ആശയമായി ഒതുങ്ങാന്‍ അനുവദിച്ചു കൂടാ. വൈവിധ്യമാര്‍ന്ന സംസ്കൃതികളെ ഏകോപിപ്പിച്ച്, മതനിരപേക്ഷതയുടെ മൂശയില്‍ പോഷിപ്പിച്ചെടുക്കുമ്പോഴാണ് രാഷ്ട്രശില്പികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടു
ന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉയരുന്ന ഓരോ വെല്ലുവിളിയും ഇന്ത്യയെന്ന മഹത്തായ
ആശയത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഭീഷണിയായി കണ്ട് ചെറുത്തുതോല്പിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമരംഗത്ത് സമീപകാലത്ത് നേടിയെടുത്ത ആശയവിനിമ മുന്നേറ്റങ്ങള്‍ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റ വഴിയില്‍ നമുക്ക് മുതല്‍ക്കൂട്ടാവണം. വിദ്വേഷവും വൈരവും
പരത്താനും മനുഷ്യര്‍ തമ്മില്‍ ഭിന്നിപ്പ് വളര്‍ത്താനുമുള്ള കുല്സിത ശ്രമങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് മനുഷ്യരാശിയോട് ചെയ്യുന്ന പാതകമായിരിക്കും. കേരളത്തിന് പെരുമയുള്ള ഒരു സംസ്കാരമുണ്ട്. പുരോഗമന വിപ്ലവാശയങ്ങളെ പുണരുമ്പോഴും
തലമുറകളായി കൈമാറിവരുന്ന പരമ്പരാഗത മൂല്യവിചാരങ്ങളാണ് അതിന്റെ അടിത്തറ. ജാതീത ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ പൊരുതിയ മണ്ണാണിത്. അതുപോലെ അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തിവാണ ഒരു കാലഘട്ടത്തോട് പോരാടിയാണ് നാം ആധുനിക
തയെ കണ്ടുമുട്ടുന്നതും വാരിപ്പുണര്‍ന്നതും. ഭാഷാസംഗമ സ്ഥാനമായി വിശേഷിപ്പിക്കാറുള്ള കാസര്‍കോടിന്റെ മണ്ണില്‍
സാംസ്കാരിക സമന്വയത്തെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലൊ. നാം വലിയൊരു നാഗരികതയുടെ ഭാഗമാണ്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ പൂത്തുലയുമ്പോഴാണ് നാഗരികസമൂഹം വളര്‍ന്നു പന്തലിച്ച് ഭൂമിയിലാകെ നറുമണം പരത്തുന്നത്.
സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്നാണ് അവസാനമായി എനിക്ക് ഉണര്‍ത്താനുള്ളത്. ഒരു തലമുറ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ-മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അരാഷ്ട്രീയ ചിന്തകളെ മനസ്സില്‍ കൊണ്ടു നടക്കുന്ന പുതുതലമുറക്ക് ജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ സ്വാര്‍ഥതക്കും പ്രതിലോമ വിചാരങ്ങള്‍ക്കും സ്ഥാനമില്ലെന്ന്
ജനം തിരിച്ചറിയട്ടെ, മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവിടെ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും ആദ്യം മുഴുങ്ങുക എന്ന് മറക്കാതിരിക്കുക.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട്, ജയ് ഹിന്ദ്