ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; പൂക്കോയ തങ്ങളെ ചോദ്യംചെയ്യുന്നു
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ പൊലീസ് കസ്റ്റഡിയിലുള്ള എംഡി ടി കെ പൂക്കോയ തങ്ങളെ ചോദ്യംചെയ്യുന്നത് തുടരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍കുട്ടി, ഡിവൈഎസ്പി എം സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. പൂക്കോയ തങ്ങളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് ജ്വല്ലറി മാനേജര്‍ ടി കെ സൈനുല്‍ ആബിദും പര്‍ച്ചേസ് മാനേജരും ഉള്‍പ്പെടെ നാല് ജീവനക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ജ്വല്ലറി ഡയറക്ടര്‍മാരില്‍ ചിലരോടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മുദ്രപത്രത്തിലുള്ള, പരാതിക്കാരുടെ ഒപ്പ് പരിശോധിച്ച് വ്യക്തതവരുത്തി. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഒളിവില്‍ കഴിഞ്ഞ പൂക്കോയ തങ്ങളെ സഹായിച്ചവരുടെ വിവരം ശേഖരിക്കുന്നുണ്ട്. നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ച മകന് ഹിഷിമിനെതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പില്‍ ഇയാളും പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ വെള്ളിയാഴ്ചയാണ് നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ചയും ചോദ്യംചെയ്യല്‍ തുടരും. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിക്കാലാവധി അവസാനിക്കും.