കാന്ഫെഡ് കലാസാംസ്കാരിക വേദി ഷാജി എന് കരുണ്ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: കാൻഫെഡ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ രൂപീകരിച്ച കാൻഫെഡ് കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ . ആഗസ്ത് 15ന് വൈകുന്നേരം 4 മണിക്ക് ഓൺലൈനിലൂടെയാണ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ജില്ലയിലെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും അതിലൂടെ വികസന പ്രവർത്തനങ്ങളിലും കലാസാംസ്കാരിക സംരംഭങ്ങളിലും സാമൂഹിക പ്രവർത്തകരെ ഭാഗവാക്കാക്കുന്നതിന്റെ ഭാഗമായാണ് കാൻഫെഡ് കലാസാംസ്കാരിക വേദി രൂപം കൊണ്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന 75 പരിപാടികൾ കാൻഫെഡ് കലാസാംസ്കാരിക വേദിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിക്കും. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി പോരാട്ടങ്ങളുടെ വേദിയായ ജില്ലയുടെ സ്വാതന്ത്ര്യ സമരചരിത്രവും അതിൽ പങ്കാളികളായ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കുകയും പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടികളിലൂടെ വേദി ഉദ്ദേശിക്കുന്നത്.
ദേശഭക്തിഗാന സദസ്സ്, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രചനാ മത്സരങ്ങൾ, പ്രശ്നോത്തരി, സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തുന്ന പ്രഭാഷണ പരമ്പര, സ്വാതന്ത്ര്യസമരകാലത്തെ സാഹിത്യകൃതികളെ ആസ്പദ മാക്കിയുള്ള സാഹിത്യ ചർച്ച തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫസർ കെ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി സി.സുകുമാരൻ, കാൻഫെഡ് കലാസാംസ്കാരിക വേദി രക്ഷാധികാരി കെ.കെ.നായർ, ജില്ലാ പ്രസിഡണ്ട് കാവുങ്കാൽ നാരായണൻ, ജില്ലാ സെക്രട്ടറി ബാബുരാജ്, എൻ.കെ., പ്രോഗ്രാം കോഡിനേറ്റർ പുഷ്പാകരൻ ബെണ്ടിച്ചാൽ, ആർട്ടിസ്റ്റ് ഇ.വി.അശോകൻ രവി പിലിക്കോട് എന്നിവർ പങ്കെടുത്തു.