വാഴമലയിൽ വീണ്ടും ഖനനം തുടങ്ങി; പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിൽ
പാനൂർ: കുഴിക്കൽ ക്വാറി ഉൾപ്പെടെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ വിവിധ ക്വാറികളിൽ ഖനനം പുനരാരംഭിച്ചതിനെതിരെ കടുത്ത ജനരോഷം. ജൂണിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് മണ്ണുമാന്തി മണ്ണിനടിയിലാവുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് പൊയിലൂർ മേഖലയിലെ വാഴമലയുമായി ബന്ധപ്പെട്ട മുഴുവൻ ക്വാറികളിലും ഖനനം നിർത്താൻ ഉത്തരവായത്.
ഇതേ ക്വാറിയിൽ രണ്ടുവർഷം മുമ്പ് ഉരുൾപൊട്ടി കിലോമീറ്ററുകളോളം വൻ കൃഷിനാശം സംഭവിച്ചിരുന്നു. ഈ ക്വാറി ഉൾപ്പെടെയുള്ള ഒമ്പത് ക്വാറികൾക്കാണ് ലൈസൻസുള്ളത്. ഇതിൽ ഭൂരിഭാഗവും ചെറുകിട ക്വാറികളാണ്. ഇത്തരം ക്വാറികളിലെ ഖനനം നിയന്ത്രിക്കുകയും ഉരുൾപൊട്ടൽ സാധ്യതയുള്ള വൻക്വാറികൾ അടച്ചുപൂട്ടുകയും വേണമെന്ന രീതിയിൽ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു.മഴക്കാലമെത്തുമ്പോൾ പൊയിലൂർ മലയുടെ താഴ്വരയിലെ ജനങ്ങൾ വർഷങ്ങളായി ഭീതിയിലാണ് കഴിയുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന നിരവധി ക്വാറികൾക്ക് താഴെയാണ് തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ മേഖലയിലെ ആയിരങ്ങളുടെ ജീവിതം.
രണ്ട് വർഷംമുമ്പ് പ്രദേശത്ത് സംഭവിച്ച മലയിടിച്ചിലിനെ അധികൃതർ ഉരുൾപൊട്ടലെന്ന് സാങ്കേതികമായി വിളിച്ചിരുന്നില്ലെങ്കിലും കീലോമീറ്ററുകളോളം മണ്ണിടിഞ്ഞിരുന്നു.ഇപ്പോൾ രാഷ്ട്രീയ പിൻബലത്തോടെയാണ് ക്വാറികൾ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മാസങ്ങൾക്കുമുമ്പ് എതിർപ്പുമായി വന്ന തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഉരുൾപൊട്ടൽ ബാധിത പ്രദേശമാണെന്നും വീടുകളിൽ മഴക്കുഴികൾ പോലും കുഴിക്കേണ്ട ആവശ്യമില്ലെന്നും ജില്ല കലക്ടർ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ക്വാറി ഉടമകൾ കോടതി വഴി പ്രവർത്തനാനുമതി നേടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മഴ കനക്കുമ്പോൾ പൊയിലൂർ മലയുടെ മുകൾ ഭാഗത്തായുള്ള നരിക്കോട്, വാഴമല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വാരിക്കോരി സംഭാവന നൽകുന്നതിനാൽ ക്വാറികൾക്കെതിരെ പാർട്ടി നേതൃത്വങ്ങൾ വായ് തുറക്കാറിെല്ലന്നാണ് ആക്ഷേപം. നാടിെൻറ ജീവനും സ്വത്തിനും ഭീഷണിയാകാത്ത, അനുവദനീയമായ രീതിയിലുള്ള ചെറിയ ക്വാറികളും ഖനനവും അല്ല മേഖലയിൽ നടക്കുന്നത്.
ദിവസേന നൂറിലേറെ വലിയ ലോറികളിൽ കരിങ്കല്ലുകൾ പുറത്തേക്ക് പോകുന്ന ക്വാറികൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനകീയവേദിയുടെ ഇടപെടലിന് ശേഷം പ്രദേശത്തെത്തി ക്വാറികളെക്കുറിച്ച് ജഡ്ജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിെൻറ തുടർച്ചയായി പ്രദേശത്ത് ചെക്പോസ്റ്റുകൾ സ്ഥാപിക്കാനും കാമറകൾ ഒരുക്കാനും ജില്ല കലക്ടർ െപാലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ലെന്ന് ജനകീയവേദി നേതാവ് ഇ. മനീഷ് പറഞ്ഞു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ രണ്ടാം വാർഡിൽ വെങ്ങത്തോട് ക്വാറി വീണ്ടും ആരംഭിച്ചതിനെതിരെ മാസങ്ങൾക്കുമുമ്പ് ബി.ജെ.പിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാൽ, ക്വാറികൾക്ക് എതിരെയുള്ള സമരങ്ങൾ പല കാരണങ്ങൾ കൊണ്ട് ലക്ഷ്യത്തിലെത്താറില്ല.വാഴമല -നരിക്കോട്ട് മലകളിലും താഴ്വാരങ്ങളിലും വൻ കുഴികളും ഗർത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. നിയമ പ്രശ്നങ്ങളും തൊഴിൽ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയും നിർമാണമേഖലയിലെ പ്രതിസന്ധി പറഞ്ഞും ഇളവുകൾ നൽകിയാൽ വൻ ദുരന്തമാണിവിടെയുണ്ടാവുകയെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു. മലയിലെ വലിയ ക്വാറികളിൽ നിറയുന്ന വെള്ളം ഉരുൾപൊട്ടി താഴേക്കൊഴുകിയാൽ ചെറുപ്പറമ്പ്, കുന്നോത്തുപറമ്പ്, പാത്തിക്കൽ, എലിക്കുന്ന്, കണ്ണവം വനമേഖലയിലെ ഭാഗങ്ങൾ, പൊയിലൂർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദുരന്തസമാന സാഹചര്യമാണുണ്ടാവുക.
നേതൃത്വം ക്വാറി മാഫിയക്ക് അനുകൂലമെന്ന്; ബി.ജെ.പിയിൽനിന്ന് കൂട്ടരാജിക്ക് സാധ്യത
പാനൂർ: സംഘ്പരിവാർ ശക്തികേന്ദ്രമായ പൊയിലൂർ വെങ്ങത്തോട് ഭാഗത്ത് നേതൃത്വത്തോട് ഇടഞ്ഞ് നൂറോളം പ്രവർത്തകർ പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കി. വെങ്ങത്തോട് കരിങ്കൽ ക്വാറിക്കെതിരെ പ്രദേശത്തെ പാർട്ടി ഘടകം മാസങ്ങളായി സമരത്തിലായിരുന്നു. എന്നാൽ, നേതൃത്വം പിന്തുണ നൽകിയില്ലെന്നും ക്വാറി മുതലാളിക്കൊപ്പംനിന്ന് സമരം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് പുതിയ ആക്ഷേപം. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സമരത്തിന് ഒരുഘട്ടത്തിലും പിന്തുണ നൽകിയില്ലെന്ന വാദവും ഉയരുന്നുണ്ട്.
മണ്ഡലം കമ്മിറ്റിയിലെ നേതാക്കൾക്ക് ക്വാറി മുതലാളിയുമായി ബന്ധമുണ്ടെന്നാണ് സമരക്കാരുടെ വാദം. ക്വാറി മുതലാളിയും ബി.ജെ.പി അനുഭാവിയാണ്. ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് ക്വാറി നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ക്വാറി പുനരാരംഭിച്ചതാണ് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഹൈകോടതിയുടെ പ്രത്യേക സംരക്ഷണത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ നാട്ടുകാർക്കെതിരെ നിരവധി കേസും വന്നിട്ടുണ്ട്. പാർട്ടിയിൽനിന്നും രാജിവെച്ച് തൽക്കാലം നിഷ്ക്രിയരാകാനാണ് പ്രവർത്തകരുടെ തീരുമാനം. രാജിവെക്കുന്നവരെ സ്വീകരിക്കാൻ സി.പി.എം നേതൃത്വവും ശ്രമം ആരംഭിച്ചിട്ടുണ്ട്.