അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്ക്കുംസൗജന്യ റേഷന്‍ നല്‍കണം
കാഞ്ഞങ്ങാട്: കേരളത്തിലെ അനാഥാലയങ്ങളിലേയും അഗതിമന്ദിരങ്ങളിലേയും ആയിരക്കണക്കിന് അന്തേവാസികള്‍ കടുത്ത ദുരിതത്തിലാണെന്നും അവര്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകളിലൂടെ നല്‍കണമെന്നും ജീവകാരുണ്യപ്രവര്‍ത്തകനും കാറ്ററിങ്ങ് അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡണ്ടുമായ പി.എസ്.സ്റ്റീഫന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊവിഡ് കാലമായതിനാല്‍ സന്നദ്ധസംഘടനകളും പൊതുജനങ്ങളും അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന പതിവ് വളരെയേറെ കുറഞ്ഞു. എല്ലാ സ്ഥാപനങ്ങളും പുറത്തുനിന്നുള്ളവരുടെ സഹായം മൂലമാണ് നിലനിന്നുപോകുന്നത്. വൃദ്ധര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളവര്‍ അടക്കമുള്ള രോഗികള്‍ക്കും മരുന്നുവാങ്ങാനും അനാഥാലയം, അഗതിമന്ദിരം നടത്തിപ്പുകാര്‍ ബുദ്ധിമുട്ടുകയാണ്. കൊവിഡ് കാലത്ത് സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അനാഥാലയങ്ങളിലേക്കും അഗതിമന്ദിരങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നില്ലെന്നും കാഞ്ഞങ്ങാട് പ്രസ്ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്റ്റീഫന്‍ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും സ്റ്റീഫന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ റേഷന്‍ ഷോപ്പുകള്‍ മുഖേന ഭക്ഷ്യകിറ്റ് നല്‍കാതെ ഓരോതവണയും നല്കുന്ന കിറ്റിന്റെ അതേമൂല്യമുള്ള തുകയ്ക്ക് കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മാവേലി സ്റ്റോറുകളില്‍ നിന്നും സൗജന്യമായി വാങ്ങാന്‍ സംവിധാനമുണ്ടാക്കിയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാം. ഒപ്പം ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മാവേലി സ്റ്റോറുകളില്‍ നിന്നും തിരഞ്ഞെടുക്കാനും കഴിയും. ഉദാഹരണത്തിന് പ്രമേഹരോഗികളായ രണ്ട് അംഗങ്ങള്‍ മാത്രമുള്ള കുടുംബത്തിന് വെല്ലവും പഞ്ചസാരയും വേണ്ട. അരിയും കുറച്ചുമതി. അവര്‍ക്ക് ആട്ടപോലെയുള്ള ഭക്ഷ്യവസ്തുക്കളാണ് കൂടുതല്‍ വേണ്ടത്. ഇത്തരത്തില്‍ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ഇഷ്ടമുള്ള ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് മൂലം പാചകതൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലുകള്‍ തുറക്കണമെന്നും 200 പേരെയെങ്കിലും പങ്കെടുപ്പിച്ച് വിവാഹവും മറ്റ് ചടങ്ങുകളും നടത്താന്‍ അനുവദിക്കണമെന്നും സ്റ്റീഫന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നതിന് ജില്ലയിലെ കാറ്ററിങ്ങ് തൊഴിലാളികളുടേയും പാചകതൊഴിലാളികളുടേയും പ്രതിനിധികള്‍ ആഗസ്ത് 15 ന് കാഞ്ഞങ്ങാടുനിന്നും കാസര്‍കോടുവരെ ചന്ദ്രഗിരി പാതയോരത്ത് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുമെന്നും സ്റ്റീഫന്‍ പറഞ്ഞു.