യാത്രാവിലക്കില്‍ കര്‍ണാടകയ്ക്ക് ഹൈക്കോടതി നോട്ടീസ്
കാസര്‍കോട്:കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍
കാരണം ചോദിച്ച് കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ല കലക്ടര്‍, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം, തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കാണ് 17ന് ഹാജരാകാന്‍ ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് നോട്ടീസ് അയച്ചത്.
സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര് ജയാനന്ദ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
കാസര്‍കോട് ജില്ല ദക്ഷിണ കന്നഡയുമായി വിവിധ മേഖലകളില്‍ ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരാണ് ഇവിടെയുള്ളവര്‍. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും ജോലിക്കുമായി നിത്യേന പോയിവരേണ്ടതുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് കര്ണാടകയുടേതെന്ന് ഹര്ജിക്കാരന് വാദിച്ചു. അഡ്വ. പി വി അനൂപ് ഹാജരായി.