വെള്ളൂർ സൂപ്പർ മാർക്കറ്റ് കവർച്ച; കാരാട്ട് നൗഷാദ് അറസ്റ്റിൽ
പയ്യന്നൂർ: വെള്ളൂർ പോസ്റ്റ് ഓഫീസിന് സമീപമുള്ള ജെംസ് സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ചാ കേസിൽ ഒരു പ്രതിയെ കൂടി പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിന്റെ (44) അറസ്റ്റാണ് രേഖപ്പെടുത്തിയത്.മറ്റൊരു കേസിൽ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് വെള്ളൂരിലെ കവർച്ചയിൽ ഇയാൾക്കും പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇതേ തുടർന്ന് പയ്യന്നൂർ എസ്.ഐ പി. യദുകൃഷ്ണൻ കോടതിയിൽ അപേക്ഷ നൽകി പ്രൊഡക്ഷൻ വാറണ്ട് പ്രകാരം പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതിയെ സൂപ്പർ മാർക്കറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കവർച്ചക്ക് ഉപയോഗിച്ച നമ്പർ മായ്ച്ച് കളഞ്ഞ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുപ്രസിദ്ധ കവർച്ചക്കാരനായ നൗഷാദിനെതിരെ നിരവധി കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായുണ്ട്.
കഴിഞ്ഞമാസം രണ്ടിനാണ് വെള്ളൂരിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. സ്ഥാപനത്തിലെ സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നും മൂന്നംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് തെളിഞ്ഞിരുന്നു. ഈ കേസിൽ മറ്റൊരു പ്രതിയായ കാസർകോട് ആലമ്പാടി സ്വദേശി അമീറലിയെ (22) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പയ്യന്നൂർ എസ്.എച്ച്.ഒ. മഹേഷ് കെ.നായർ, പ്രിൻസിപ്പൽ എസ്.ഐ. പി. യദുകൃഷ്ണൻ, എ.എസ്.ഐ. എൻ.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്