കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
കാസര്‍കോട്:കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച മുളിയാർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീർ ചന്ദ് സന്ദർശനം നടത്തി. മൂടേം വീട്, കയ പ്രദേശങ്ങളിൽ ആണ് കളക്ടർ എത്തിയത്. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, വൈസ് പ്രസിഡൻറ് എ. ജനാർദനൻ, വൈ.ജനാർദനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കാട്ടാന ഉൾപ്പെടെ വന്യ മൃഗങ്ങൾ നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.
കൃഷി നാശം നേരിട്ട കർഷകരിൽ നിന്നും കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വന്യമൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ജനപ്രതിനിധികളുടെതടക്കം യോഗം വിളിച്ചു ചേർത്ത് ഇതിനെതിരായ കര്‍മപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.