പ്രവാസി കോണ്‍ഗ്രസ് നേതാവ് രവി കുളങ്ങര എന്‍.സി.പിയില്‍ ചേര്‍ന്നു
കാസര്‍കോട്: പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ട്രഷറര്‍ രവി കുളങ്ങര രാജിവെച്ച് എന്‍.സി.പിയില്‍ ചേര്‍ന്നു. പ്രവാസികളുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വം ദയനീയമായി പരാജയപ്പെടുകയും പ്രവാസികളും തൊഴില്‍രഹിതരും നേരിടുന്ന പ്രശ്നങ്ങള്‍ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ സുധീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനപരിചയവും ആത്മാര്‍ഥമായ ദീര്‍ഘവീക്ഷണവും തൊഴില്‍ ഇല്ലായ്മയ്യും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാവും. ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസവും തൊഴില്‍ സുരക്ഷയും കുടുംബങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സും തുടങ്ങി നിരവധി ആവശ്യങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം മുഖംതിരിഞ്ഞു നില്ക്കുന്ന സമീപനമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനോ കോണ്‍ഗ്രസ് നേതൃത്വം ഇന്നും തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സംഘടനയായിട്ടും പ്രവാസി കോണ്‍ഗ്രസിനെ ഒരു പോഷക സംഘടനയായിട്ടു പോലും അംഗീകരിക്കാന്‍ കെ.പി.സി.സി നേതൃത്വം തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പോലും വേണ്ട പരിഗണന സംഘടനയ്ക്കു ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇത്തരത്തില്‍ നിരന്തരമായ അവഗണനയുടെ പശ്ചാത്തലത്തിലാണ് ശരത് പവാര്‍ നയിക്കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത്. പ്രവാസികളെയും രാജ്യത്തെ തൊഴില്‍ രഹിതരേയും സ്ത്രീകളുടെ ഉന്നമനവും അനുഭാവപൂര്‍വം പരിഗണിക്കുന്ന ശരത്പവാറിന്റെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
എറണാകുളം എന്‍.സി.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ രവി കുളങ്ങരയെ ഹാരമണിയിച്ച് സ്വീകരിച്ചു. എന്‍.സി.പി ജനറല്‍ സെക്രട്ടറി കെ.ആര് രാജന് സംബന്ധിച്ചു.