ഐഎൻഎൽ നേതാവിനെ ഒഴിവാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചു
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ഐഎൻഎൽ നേതാവും നീലേശ്വരം നഗരസഭാ കൗൺസിലറുമായ ഷംസുദ്ധീൻ അരിഞ്ചിറയെ മാറ്റി നിർത്തി പകരം സിപിഎം നേതാവും നഗരസഭാ വൈസ് ചെയർമാനുമായ പിപി മുഹമ്മദ് റാഫിയെ ഉൾപ്പെടുത്തിയാണ് ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്.
ഇടതു മുന്നണി പ്രവേശനത്തെ തുടർന്നാണ് ഘടക കക്ഷിയായ ഐഎൻഎല്ലിന് ഹജ്ജ് കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചത്. നിലവിൽ ഐഎൻഎല്ലിലുണ്ടായ പിളർപ്പിനെ തുടർന്നാണ് പദവികൾ തിരിച്ചെടുത്തതെന്നാണു സൂചന.
ശംസുദ്ദീൻ അരിഞ്ചിറ നിലവിൽ കാസിം ഇരിക്കൂർ പക്ഷമാണോ അബ്ദുൽ വഹാബ് പക്ഷമാണോ എന്ന് വ്യക്തമല്ല. സിപിഎം നടപടി ഐഎൻഎൽ പ്രവർത്തകരിൽ അമർഷമുളവാക്കിയിട്ടുണ്ട്.
സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, പി.വി അബ്ദുൾ വഹാബ് എം.പി, പി.ടി.എ റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എ സഫർ കായൽ, പി.ടി അക്ബർ, പി.പി മുഹമ്മദ് റാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, അഡ്വ. മൊയ്തീൻ കുട്ടി, കെ.പി സുലൈമാൻ ഹാജി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കെ.എം മുഹമ്മദ് കാസിം കോയ, ഐ.പി അബ്ദുൾ സലാം, ഡോ.പി.എ സയ്യദ് മുഹമ്മദ് എന്നിവരാണ് ഹജ്ജ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
മലപ്പുറം ജില്ലാ കലക്ടർ എക്സ് ഒഫീഷ്യോ അംഗമാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ വ്യക്തമാക്കി.