സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം : സമരപുളകങ്ങൾ തൻ സിന്ദൂര ശില്പങ്ങളായി 75 ചരിത്രമുഹൂർത്തങ്ങളുടെ ഡിജിറ്റൽ നാടകാവിഷ്കരണം
കാസർകോട് : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ചരിത്രത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 75 സംഭവങ്ങൾ ഡിജിറ്റൽ നാടകമായി പുനരാവിഷ്കരിക്കുന്നു.
തൃക്കരിപ്പൂരിലെ അഞ്ചംഗ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് , “സമരപുളകങ്ങൾ തൻ സിന്ദൂര ശില്പങ്ങൾ “എന്ന പേരിൽ ചരിത്ര നാടകങ്ങളുടെ രംഗാവിഷ്കാര മഹായജ്ഞത്തിന് ഒരുക്കങ്ങൾ നടക്കുന്നത്. നാടകങ്ങളുടെ ദൃശ്യാവിഷ്കാരത്തോടൊപ്പം 75 നാടകങ്ങളും മൂന്നു ഭാഗങ്ങളായി നാടക സമാഹാരമായി അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യും. അച്ചടി ചെലവ് കഴിച്ച് വരുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം
ആഗസ്ത് 15 ഞായർ പകൽ 3 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
നീലേശ്വരം റോട്ടറി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ എം. രാജഗോപാലൻ അധ്യക്ഷത വഹിക്കും.
നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി വി ശാന്ത ,
വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ,
വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി. പുഷ്പ,
റോട്ടറി ക്ലബ് പ്രസിഡണ്ട്. വിനോദ് കുമാർ. എം.കെ. എന്നിവർ വിശിഷ്ടാതിഥികളാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങ്.എ.സി. കണ്ണൻ നായരുടെയും വിദ്വാൻ പി കേളു നായരുടെയും കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരുടെയും മഹാകവി പിയുടെയും രസിക ശിരോമണി കോമൻ നായരുടെയും സ്മരണകൾ നിറഞ്ഞു നിൽക്കുന്ന എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ പതിനഞ്ച് വിദ്യാർഥികളാണ്
പത്ത് മിനുട്ട് ദൈർഘ്യമുള്ള ആദ്യ നാടകത്തിൽ വേഷമിടുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നാടകത്തിന്റെ പരിശീലനം നടത്തിയത്.
വൈദേശികാധിപത്യത്തിന്നെതിരെ ത്രിവർണ പതാകയേന്തി പദയാത്ര നടത്തിയതിനാൽ മരണത്തിന്നു കീഴടങ്ങേണ്ടി വന്ന പാറ്റ്നയിലെ നിരായുധരായ കുട്ടികളുടെ കഥ പറയുന്ന
“മൂന്നു നിറമുള്ള കുഞ്ഞു പൂക്കൾ “എന്ന നാടകം – പാറ്റ്നാ കലാപത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു.
ഗുരുവായൂർ ,വൈക്കം സത്യാഗ്രഹം, വാഗൺ ട്രാജഡി, ഉൾപ്പെടെയുള്ള ചരിത്രം സംഭവങ്ങളും ദേശീയ പ്രസ്ഥാനത്തിലെ അപൂർവ മുഹൂർത്തങ്ങളും എ കെ ജി, കൃഷ്ണപ്പിള്ള , കെ.കേളപ്പൻ ,കൗമുദി ടീച്ചർ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ ജീവിതത്തിലെ ചരിത്ര പ്രധാന നിമിഷങ്ങളും ഒപ്പം ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിലെ പോരാട്ടങ്ങളും എന്നിവ വിവിധ ഏടുകളിലായി അവതരിപ്പിക്കും.
രണ്ടാം ബർദോളി പയ്യന്നൂരിൽ നിന്നും ഉദിച്ചുയർന്ന ബ്രിട്ടീഷ് പട്ടാളത്തിൻ്റെ കണ്ണിലെ കരടായി മാറിയ പത്താംതരം വിദ്യാർത്ഥിയായ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പയ്യന്നൂരിലെ ആദ്യ രക്തസാക്ഷി എ.കെ.കുഞ്ഞിരാമൻ അടിയോടിയുടെ ധീരതയുടെ കഥ പറയുന്ന പയ്യന്നൂരിൻ്റെ വീര പോരാളി,
സ്വാത്ര ന്ത്ര്യം ലഭിച്ച നാളുകളിലെ വർഗീയ ലഹളയും ഒപ്പം ഗാന്ധിജിയുടെ ശാന്തിമന്ത്രവും
മലബാറിലെ സ്വാതന്ത്ര്യ സമര നേതാക്കളും കുട്ടികൾ വിവിധ നാടകങ്ങളിലൂടെ അവതരിപ്പിക്കും.
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമത്തിന്റെ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.വി.രവീന്ദ്രൻ മാസ്റ്ററാണ് എഴുപത്തിയഞ്ച് നാടകങ്ങൾ സമയബന്ധിതമായി എഴുതുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ചെറുതാഴം ഗവ.ഹൈസ്കൂൾ അധ്യാപകനായ രവീന്ദ്രൻ എഴുതിയ കുട്ടികളുടെ നാടകങ്ങൾക്ക് ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മക്കളെ തേടുന്ന സാറ, ദി ട്രെയിൻ ,അംബികാസുതന് ഇനിയും ചിലത് പറയാനുണ്ട് , സാറ ഇ ൻ സെർച്ച് എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. കണ്ണൂർ യൂണിവേഴ്സിറ്റി – കൈരളി ബുക്സ് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ മികച്ച അഞ്ചു നോവലുകളിലായി തെരെഞ്ഞെടുത്ത സ്രാമ്പി രവീന്ദ്രൻ മാഷുടെ രചനയാണ്.
കഥകൾക്കും പുസ്തകങ്ങൾക്കും കിട്ടിയ 106000 രൂപ ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
എഴുത്തിലൂടെ ലഭിക്കുന്ന മുഴുവൻ റോയൽറ്റിയും പുസ്തകങ്ങളുടെ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാത്രമായി നീക്കിവെച്ചു വരുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ബാല വേദി ഉപസമിതി അംഗമാണ്.
പരിസ്ഥിതി സംഘടനയായ സീക്കിന്റെ കോർഡിനേറ്ററാണ്.
നൂറുകണക്കിന് തെരുവുനാടകങ്ങളും അമേച്വർ നാടകങ്ങളും സംവിധാനം ചെയ്ത് സംസ്ഥാന തലത്തിൽ ബഹുമതികൾ കരസ്ഥമാക്കിയ ഗവ.ഫിഷറീസ് എൽ.പി.സ്കൂൾ കുമ്പളയിലെ അധ്യാപകൻ അനിൽ നടക്കാവാണ് നാടകങ്ങളുടെയെല്ലാം സംവിധാനം നിർവ്വഹിക്കുന്നത്. പിലിക്കോട് ഗവ. വെൽഫേർ എൽ.പിസ്കൂൾഅധ്യാപകനായ അനൂപ് കല്ലത്ത് വേലേശ്വരം ഗവ.യു.പി.സ്കൂൾ അധ്യാപകനായ ജയൻ കിനാത്തിൽ എന്നിവർ എഡിറ്റിംഗ് നിർവ്വഹിക്കും.
ദേശീയ അധ്യാപക അവാർഡ് ജേതാവ് മേലാങ്കോട്ട് എ.സി.
കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ആണ് ചരിത്ര നാടക രംഗാവിഷ്കാര മഹായജ്ഞത്തിന്റെ കോർഡിനേറ്റർ.
കാസർകോട് പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ വി.വി.രവീന്ദ്രൻ തൃക്കരിപ്പൂർ , അനിൽ നടക്കാവ് , കൊടക്കാട് നാരായണൻ സംബന്ധിച്ചു.
പടം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന സമരപുളകങ്ങൾ തൻ സിന്ദൂര ശില്പങ്ങൾ പരിശീലനത്തിൽ നിന്ന്