ചൈതന്യയെ മരണം കവര്‍ന്നത് ദുബായില്‍ നിന്നും പരീക്ഷ എഴുതാനെത്തിയപ്പോള്‍
കാഞ്ഞങ്ങാട്: ദുബായിൽ നിന്ന് നാട്ടിൽ പരീക്ഷ എഴുതാനെത്തിയ ചൈതന്യയുടെ അപകട മരണം കാഞ്ഞങ്ങാട് അലാമിപ്പള്ളി പ്രദേശത്തെ കണ്ണീരിലാഴ്ത്തി. സി.പി.എം നേതാവും ദേശാഭിമാനി ലേഖകനുമായിരുന്ന പരേതനായ ടി. കുഞ്ഞിരാമന് മാസ്റ്ററുടെ പേരമകളാണ്. മരണപ്പെട്ട ചൈതന്യ കൊല്ലം ചെങ്കോട്ട പാത ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിനി ഉള്‍പ്പെടെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ദുബായില്‍ എഞ്ചിനീയറായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അജയകുമാറിന്റെയും പരേതയായ ഷീബയുടേയും മകള്‍ ചൈതന്യ (20), സഹപാഠി കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിലെ ബി.എന്‍ ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. പരീക്ഷ കഴിഞ്ഞ് അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് വിനോദ യാത്ര പുറപ്പെട്ടതായിരുന്നു. തിരിച്ചുവരുന്നതിനിടെയാണ് കാറും ഗോവിന്ദും ചൈതന്യയും സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ദുബായിലുണ്ടായിരുന്ന ചൈതന്യ പരീക്ഷയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.