എം എൽ എ യുടെ ഇടപെടലിൽ തടസ്സം നീങ്ങി : കുറ്റിക്കോൽ 110 കെ.വി. സബ്സ്റ്റേഷൻ നിർമാണം ഒക്ടോബറിൽ തുടങ്ങും
കുണ്ടംകുഴി :മലയോരത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ വിഭാവനംചെയ്ത കുറ്റിക്കോൽ 110 കെ.വി. സബ്സ്റ്റേഷൻ നിർമാണം ഒക്ടോബർ 15-നകം തുടങ്ങാൻ നടപടി. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി, റവന്യൂമന്ത്രി കെ.രാജൻ, കെ.എസ്.ഇ.ബി. ചെയർമാൻ, ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മിഷണർ, സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പണി തുടങ്ങാനുള്ള സാങ്കേതിക തടസ്സങ്ങളെല്ലാം അതിനുമുൻപ് നീക്കും. റവന്യൂവകുപ്പ് ഭൂമി നൽകുമ്പോൾ വെച്ച പാട്ടവ്യവസ്ഥയിൽ ഇളവുവേണമെന്ന കെ.എസ്.ഇ.ബി.യുടെ ആവശ്യം പരിഗണിക്കും. ഈ മാസംതന്നെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി നൽകാനും ഉടൻ നിർമാണക്കരാർ ടെൻഡർ ചെയ്യാനും നടപടി സ്വീകരിക്കും.
ബേഡഡുക്ക വില്ലേജിലെ വലിയപാറയിൽ റവന്യൂവകുപ്പ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയ 1.50 എക്കറിൽ 2020 ജനുവരി 27-നാണ് സബ്സ്റ്റേഷന് തറക്കല്ലിട്ടത്.
പാട്ടത്തുകയിൽ ഇളവ് നൽകുന്നതിൽ റവന്യൂവകുപ്പ് ഉടൻ യുക്തമായ തീരുമാനമെടുത്ത് ഭൂമി കെ.എസ്.ഇ.ബി.ക്ക് വിട്ടുകൊടുക്കും. ആദ്യം കെ.എസ്.ഇ.ബി.ക്ക് ഇവിടെ അനുവദിച്ച മൂന്ന് ഏക്കർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഒന്നരഏക്കറായി ചുരുക്കിനൽകുകയായിരുന്നു. പാട്ടക്കരാറിൽ തീരുമാനം അനിശ്ചിതമായി വൈകുന്നതിനിടെ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഇടപെട്ടാണ് ഉന്നതതലയോഗം വിളിച്ചത്.