സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ചു
പത്തനംതിട്ട; തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. വാക്സിനെടുത്തതിന് പിന്നാലെയാണ് മരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. തുടന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങി.
7ന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു.