കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. റെസ്റ്റോറന്റുകളിലും കഫെകളിലും ശേഷിയുടെ 80 ശതമാനം ആളുകളെ അനുവദിക്കും. വകുപ്പ് അംഗീകരിച്ച വ്യവസ്ഥകൾപ്രകാരം തൊഴിൽസമയം മുമ്പുള്ളതരത്തിലേക്ക് മാറും.
ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായി ഉയർത്തും. കൂടാതെ, റെസ്റ്റോറന്റുകളിലെയും കഫെകളിലെയും വിനോദപരിപാടികൾ പുലർച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും.
സാമൂഹികഒത്തുചേരലുകൾക്ക് ഇൻഡോർ 2500 പേർക്കും ഔട്ട്ഡോർ 5000 പേർക്കും അനുമതി. ഇതിൽ വാക്സിനെടുക്കാത്തവർക്കും പങ്കെടുക്കാം. കായികവിനോദ പരിപാടികൾക്ക് 60 ശതമാനം പേരെ അനുവദിക്കും. വാക്സിൻ നിർബന്ധമില്ല.