‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിഷേധം
തിരുവനന്തപുരം: വിവാദമായ ഡോളര്‍ കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം മന്ദിരത്തിന് പുറത്ത് കുത്തിയിരുന്നും കവാടത്തിന് പുറത്ത് അഴിമതി വിരുദ്ധ മതില് തീര്‍ത്ത് പ്രതിഷേധിച്ചു.
ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡോളര്‍ കടത്ത് കേസ് സഭയില്‍ ഉന്നയിച്ചു. ഡോളര്‍ കടത്ത് കേസിലെ പ്രതികളുടെ മൊഴി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയമെന്നും മൗനം പാലിക്കുന്നത് ശരിയല്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ വ്യക്തമായ നിലപാട് മുഖ്യമന്ത്രി വിശദീകരിക്കണം. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന നിയമസഭയുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലെ തന്നെ തീര്‍പ്പാക്കിയ കേസാണെന്നും അതിനാല്‍ ചര്‍ച്ചകള്‍ നടക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേളയോട് പ്രതിപക്ഷം സഹകരിക്കണം. സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു.