പഠനം നിര്‍ത്തി ഹെലികോപ്റ്റര്‍ ഉണ്ടാക്കി; ബ്ലേയ്ഡ് കഴുത്തില്‍ വീണ് ദാരുണാന്ത്യം
മുംബൈ: സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയില്‍ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തില്‍ മരിച്ചത്. അന്തിമ പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ സ്വപ്ന പദ്ധതിയായിരുന്ന ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം.
എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇസ്മയിലിന് സഹോദരന്റെ ഗ്യാസ് വെല്‍ഡിങ് കടയിലായിരുന്നു ജോലി. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കുന്നതായി വ്യത്യസ്തമായ എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കണമെന്ന ദൃഢനിശ്ചയമാണ് ഇസ്മയിലിനെ ഹെലികോപ്റ്റര്‍ നിര്‍മാണത്തിലേക്കെത്തിച്ചത്. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹെലികോപ്റ്റര്‍ നിര്‍മാണം പഠിച്ചെടുത്തത്. ചെറു ഹെലികോപ്റ്ററിന്റെ വിവിധ പാര്‍ട്സുകള്‍ തരപ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട് വര്‍ഷത്തോളമെടുത്തു.
സ്റ്റീല്‍ പെപ്പുകള്‍ വെല്‍ഡ് ചെയ്താണ് ഹെലികോപ്റ്ററിന്റെ ബോഡി നിര്‍മിച്ചത്. കരുത്തേകാന്‍ മാരുതി 800 കാറിന്റെ എന്‍ജിനും ഘടിപ്പിച്ചു. സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന് സ്വന്തം വിളിപ്പേരായ ‘മുന്ന ഹെലികോപ്റ്റര്‍’ എന്നാണ് ഇസ്മയില്‍ പേര് നല്‍കിയത്. വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ കന്നി പറക്കലിന് മുന്നോടിയായുള്ള അന്തിമ പരീക്ഷണപറക്കലിനിടെ ചൊവ്വാഴ്ചയാണ് ഗ്രാമത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
എന്ജിന് ഓണ്‍ ചെയ്ത് പറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ പിന്‍വശത്തെ ചെറിയ റോട്ടര്‍ ബ്ലേഡ് പൊട്ടി മുകളിലുള്ള വലിയ റോട്ടര്‍ ബ്ലോഡില് പതിച്ചു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പേ ഈ ബ്ലേഡുകളില്‍ ഒന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന ഇസ്മയിലിന്റെ കഴുത്തില്‍ തുളച്ചുകയറുയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്സിലെ റാഞ്ചോ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇസ്മയില്‍ ഹെലികോപ്റ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇതിനുമുമ്പ് പരീക്ഷണ പറക്കല്‍ നടത്തിയപ്പോഴെല്ലാം ഇസ്മയില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. എന്നാല്‍ അപകടം നടന്ന അന്നുമാത്രമാണ് ഹെല്‍മറ്റ് ധരിക്കാതെ ഹെലികോപ്റ്ററില്‍ കയറിയതെന്നും സൂഹൃത്തുക്കള്‍ പറഞ്ഞു.