ന്യൂനപക്ഷങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാൻ തന്ത്രങ്ങളൊരുക്കി സി.പി.എം
ന്യൂഡല്‍ഹി: കേരളത്തില്‍ തുടര്‍ഭരണം നേടിയ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ കൂടുതലായി പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സി.പി.എം. തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക ശ്രദ്ധ വേണമെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി കേരള ഘടകത്തോട് ആവശ്യപ്പെട്ടു.
മുസ്ലിം മേഖലകളിലെ ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ള പുതിയ വിഭാഗങ്ങള്‍ പാര്‍ട്ടിയുമായി അടുക്കുന്നുണ്ട്. അവരില്‍നിന്ന് മികച്ച കേഡര്‍മാരെ തിരഞ്ഞെടുത്ത് ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണം. ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് കൂടുതല്‍ ആളുകളെ പാര്ട്ടിയിലെടുക്കാനും ശ്രദ്ധിക്കണം.- റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നില്‍ അണിനിരന്ന സാധാരണ ജനങ്ങളെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങളുണ്ടാവണം. ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ ഒമ്പത് മണ്ഡലങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പലയിടത്തും ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയി. പാവപ്പെട്ട ജനങ്ങള്‍ ബി.ജെ.പി.യില്‍ നിന്നകന്നു തുടങ്ങിയിട്ടുണ്ട്. അവര്‍ യു.ഡി.എഫിലേക്ക് പോവാതിരിക്കാന്‍ ശ്രമങ്ങളുണ്ടാവണം. ഇത്തവണ വോട്ട് കുറഞ്ഞതിനാല്‍ ബി.ജെ.പി. ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ലെന്ന് ഓര്‍മിപ്പിച്ച കേന്ദ്രനേതൃത്വം ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര രൂപങ്ങളെക്കുറിച്ച് പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ഭരണം വന്നതിങ്ങനെയെന്ന്..
*ബി.ജെ.പി-ആര്.എസ്.എസ്. ഭീഷണിക്കെതിരായ പോരാട്ടം ഉയര്‍ത്തിക്കാട്ടി വ്യക്തമായ രാഷ്ട്രീയലൈന്‍ സ്വീകരിച്ചു.
*യു.ഡി.എഫിന്റെ അവസരവാദവും ബി.ജെ.പി.യുമായുള്ള സഹകരണവും തുറന്നു കാട്ടാനായി.
*കേരള കോണ്‍ഗ്രസ്-മാണിക്കും എല്‍.ജെ.ഡി.ക്കും പ്രവേശനം നല്കി ഇടതുമുന്നണി വികസിപ്പിച്ചു.
*ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാക്കിയ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം.
*സാമൂഹിക സുരക്ഷാ പരിപാടികളുടെ മികച്ച നിര്‍വഹണം.
*വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കിയ സുരക്ഷ.
അതേസമയം കേരള സമൂഹത്തില്‍ വലതുപക്ഷവത്കരണമുണ്ടായിട്ടുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി. സ്ത്രീധനമരണം, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, പിന്തിരിപ്പന് സാമൂഹികാചാരങ്ങള്‍ തുടങ്ങിയവ ഇതിനുള്ള തെളിവുകളായി ചൂണ്ടിക്കാട്ടി. ഈ പ്രവണത ചെറുക്കാന്‍ പാര്‍ട്ടിയും പുരോഗമനശക്തികളും രംഗത്തിറങ്ങണം. പുതിയ സാഹചര്യത്തിനനുസരിച്ച് ചുമതലകള്‍ നിറവേറ്റാന്‍ പാകത്തില്‍ പാര്‍ട്ടിയംഗങ്ങളില്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്രപഠനം വര്‍ധിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.