ഗാര്‍ഹിക പീഡനക്കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ പിടിയില്‍
കോട്ടയം: ഗാര്‍ഹിക പീഡനക്കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ വിജിലന്‍സ് പിടിയില്‍. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ കെ.എ. അനില്‍കുമാറാണ് പിടിയിലായത്.
ഗാര്‍ഹിക പീഡനക്കേസിലെ കോടതി വിധി നടപ്പാക്കുന്നതിനാണ് എ.എസ്.ഐ അനില്‍കുമാര്‍ പാലക്കാട് സ്വദേശിയില്‍ നിന്ന് പണം ആവശ്യപ്പെട്ടത്. ഇയാളുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം കൈക്കൂലിയായി 20,000 രൂപ വാങ്ങിയ എ.എസ്.ഐ പിന്നെയും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഇയാള്‍ എ.എസ്.ഐക്ക് നല്‍കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 12.45ഓടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് പണം നല്‍കിയത്. സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം നോട്ടുകള്‍ പരിശോധിച്ച് എ.എസ്.ഐയെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇയാളുടെ കയ്യില്‍ നിന്ന് 25,000 രൂപ കണ്ടെത്തിയിട്ടുണ്ട്.