ഫോണിന്റെ പേരിൽ തർക്കം ; 16കാരൻ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു
ആഗ്ര: മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ 16 കാരന് ജ്യേഷ്ഠനെ കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി വീട്ടിനുള്ളില്‍ കുഴിച്ചിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ധോല സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട 20-കാരന് അനുജന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ലോക്ക് ചെയ്തിരുന്നു. പിന്നീട് ഈ ലോക്കിങ് പാറ്റേണ്‍ മറന്നുപോവുകയും ചെയ്തു. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു സംഭവം. ഇവരുടെ മാതാപിതാക്കൾ നേരത്തെ മരിച്ചുപോയതാണ്. സഹോദരിമാർ വിവാഹിതരാണ്.
ഫോണിന്റെ ലോക്ക് മറന്നതിനെച്ചൊല്ലി 16-കാരന് സഹോദരനെ വഴക്കുപറഞ്ഞു. ഇതോടെ ജ്യേഷ്ഠന് അനുജനെ പൊതിരെതല്ലി. പിന്നീട് രാത്രി ഉറങ്ങുന്നതിനിടെ 16-കാരന് മണ്‍വെട്ടി കൊണ്ട് സഹോദരനെ ആക്രമിക്കുകയായിരുന്നു.
മൃതദേഹം പല കഷ്ണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിൽ കുഴിച്ചിട്ടു. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർക്കു സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ മൂത്ത ജ്യേഷ്ഠനെകുറിച്ച് ചോദിച്ചപ്പോൾ കുട്ടി പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞതും. ഇതോടെ നാട്ടുകാരുടെ സംശയം ബലപ്പെട്ടു. പോലീസ് എത്തി ചോദ്യം ചെയ്തതോടെ കുട്ടി കുറ്റം ഏറ്റു പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.