ഡൽഹിയിൽ ആറുവയസുകാരിയായ ദലിത് പെൺകുട്ടിയെ 34കാരൻ ബലാത്സംഗം ചെയ്തു; കുട്ടി ചികിത്സയിൽ
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ആറുവയസുകാരിയായ ദലിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി അയൽവാസി. ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് പെൺകുട്ടി.
ഡൽഹിയിലെ ത്രിലോക്പുരിയിലാണ് സംഭവം. 34കാരനായ അയൽവാസിക്കെതിരെ മയൂർ വിഹാർ പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ പോക്സോ, എസ്.സി/എസ്.ടി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് വക്താവ് ചിൻമോയ് ബിസ്വാൾ പറഞ്ഞു. പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിേഷധവുമായി നാട്ടുകാർ തടിച്ചുകൂടിയിരുന്നു.
ഡൽഹി കേന്റാൺമെന്റിന് സമീപം ഒമ്പതുവയസുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവം. ആഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും അതിനാൽ പൊലീസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ് ഇടപെട്ടാൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും പ്രശ്നം ഗുരുതരമാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ കഴിഞ്ഞദിവസം ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കളായ 15 -20 പേരുടെ സാന്നിധ്യത്തിൽ പഴയ നങ്കൽ ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.