ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്:
പൂക്കോയ തങ്ങളെ ഒളിവിൽ തങ്ങാൻ സഹായിച്ച മകനെ അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും ദക്ഷിണേന്ത്യയും നേപ്പാളും ഒളിത്താവളങ്ങൾ. കീഴടങ്ങിയത് പിടികൂടുമെന്ന് ഉറപ്പായപ്പോൾ.
കാഞ്ഞങ്ങാട്: പ്രമാദമായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ കുറ്റാരോപിതൻ പൂക്കോയ തങ്ങളെ ഒൻപതു മാസക്കാലത്തോളം ഒളിവിൽ തങ്ങാൻ സഹായിച്ചത് സ്വന്തം മകനാണെന്ന് തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂക്കോയ തങ്ങൾ ഒളിവിൽ കഴിയുന്ന സമയത്ത് പല തവണ അന്വേഷണോദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും ഹാഷിം തയ്യാറായില്ല. ഒളിവുകാലത്ത് എറണാകുളം, കേരള തമിഴ്നാട് അതിർത്തി ബംഗളൂരു എന്നിവിടങ്ങളിൽ പൂക്കോയ തങ്ങൾ താമസിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നേപ്പാളിൽ ഒളിവിൽ കഴിയുന്നതായി വ്യക്തമായ സൂചന ലഭിച്ച ക്രൈം ബ്രാഞ്ച് അവിടേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഇന്നലെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടണ്ടിയത്. ഒളിവിൽ കഴിയാൻ സഹായം നൽകിയ ഹാഷിമിനെ ഉടൻ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന .ഹാഷിം സാധാരണ കോളുകൾ ഉപയോഗിക്കാതെ വാട്സ് ആപ്പ് കോളുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത് ‘സാധരണ കോളുകൾ പെട്ടന്ന് സൈബർ സെൽ തിരിച്ചറിയുമെന്നതിനാലാണ് വാട്സ് ആപ്പ് കോളുകൾ ഉപയോഗിച്ചത് ‘ എറണാകുളത്ത് പൂക്കോയ തങ്ങൾ തങ്ങിയ കാലത്ത് സ്വന്തം മാതാവിനെയും കൂട്ടി ഹാഷിം രഹസ്യ സങ്കേതത്തിൽ ചെന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് ഇയാൾക്ക് പിന്നാലെയുണ്ടെന്നറിഞ്ഞ ഹാഷിം ബംഗളൂരുവിൽ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ്റെ നിർദ്ദേശപ്രകാരം അഭിഭാഷകനെ കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൂക്കോയ തങ്ങളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇപ്പോൾ നാട്ടിലുള്ള ഹാഷിമിനെ ചോദ്യം ചെതേക്കുമെന്നാണ് സൂചന അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ സ്ഥിരീകരിച്ചാൽ ഹാഷിം കേസിൽ പ്രതി ചേർക്കപ്പെടും.