മൂന്നാം തരംഗമെന്ന് സൂചന ആറു ദിവസത്തിനിടയില്‍ ബംഗളൂരുവില്‍ 300ലധികം കുട്ടികള്‍ക്ക് കോവിഡ് ബാധ
ബംഗളൂരു:ആറു ദിവസത്തിനിടയില്‍ ബംഗളൂരുവില്‍ മൂന്നുറിലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ഇതുവരെ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ അതീവ ജാഗ്രതയിലാണ് ബംഗളൂരു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗസ്ത് 5നും 10നും ഇടയില്‍ പത്തു വയസില്‍ താഴെയുള്ള 127 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 നും 19 നും ഇടയില്‍ പ്രായമുള്ള 174 കുട്ടികളും കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ കോവിഡ് ബാധിച്ചു. കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം കണക്കിലെടുത്ത്, പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും കേസുകള്‍ ഉയരുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. കുട്ടികള്‍ക്ക് വാക്സിന് നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കോവിഡ് കേസുകള്‍ ദിനംപ്രതി കൂടുന്നത്.
മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികള്‍ക്ക് വാക്സിന് നല്‍കാത്ത സാഹചര്യത്തിലാണിത്. എങ്കിലും മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ അപകടത്തിലാക്കില്ലെന്നും ചില പഠനങ്ങള്‍ പറയുന്നു. കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്നും വലിയ അപകടമുണ്ടാക്കുമെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ പരമാവധി വീടിനു പുറത്തു വിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം ബംഗളൂരു നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ആഗസ്ത് 23 മുതല്‍ സ്കൂളുകള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.