സഭയ്ക്കു മുന്നില് പ്രതിഷേധ നിയമസഭചേര്ന്ന് പ്രതിപക്ഷംഅടിയന്തര പ്രമേയ നോട്ടീസ്അവതരിപ്പിച്ചു
തിരുവനന്തപുരം: വിദേശത്തേക്കു പണം കടത്തിയെന്ന മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കു പുറത്ത് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
നേരത്തേ, സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം, സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ചോദ്യോത്തര വേള കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എം.ബി. രാജേഷ് ഇക്കാര്യത്തിൽ വിശദീകരിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭാ നടപടികൾ പൂർണമായി ബഹിഷ്കരിക്കുകയായിരുന്നു. പിന്നീടാണ് നിയമസഭയുടെ മുന്നിൽ പ്രതീകാത്മകമായി സഭ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
സഭയ്ക്ക് അകത്ത് പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാത്തതിനാലാണ് പുറത്ത് പ്രമേയം അവതരിപ്പിക്കുന്നതെന്നു പി.ടി. തോമസ് എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. യുഇഎ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്കു കൊണ്ടുപോയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്ത് മൊഴിനൽകിയതാണ് കഴിഞ്ഞദിവസം പുറത്തായത്.