സീറോ മലബാര്‍ സഭ ഭൂമിയിടപാട്: ഗുരുതര ക്രമക്കേടെന്ന് ആദായനികുതിവകുപ്പ്;അങ്കമാലി അതിരൂപത
3.5 കോടി രൂപ പിഴ അടയ്ക്കണം
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്. ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തില്‍ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.
കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷ് പുതുവ നിര്‍ണായക മൊഴിയും നല്കി. ഇടനിലക്കാരന് സാജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ ആലഞ്ചേരിയാണെന്നും രജിസ്ട്രേഷന് പേപ്പറുകള്‍ തയ്യാറാക്കി കര്‍ദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷ് മൊഴി നല്കി. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിന്റെ മൊഴിയില്‍ പറയുന്നു.
യഥാര്‍ഥ വിലയെക്കാള്‍ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാല്‍ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതല്‍ തുകയുടെ വില്‍പ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങല്‍ 14 പേജുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കേസില്‍ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോള്‍ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാന്‍ നിര്‍ദേശിച്ചത്.
ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള കര്‍ദിനാളിന്റെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നത്.