സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം
മേലാങ്കോട്ട് സ്കൂൾ മുറ്റത്തേക്ക് എ.സി. കണ്ണൻ നായരുടെ ശില്പമൊരുങ്ങുന്നു.
കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സാമൂഹ്യ പരിഷ്കർത്താവുമായ എ.സി. കണ്ണൻ നായരുടെ പ്രതിമയൊരുങ്ങുന്നു.
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മുറ്റത്ത് സ്ഥാപിക്കാൻ നാലടി ഉയരമുള്ള പീഠത്തിൽ മൂന്നടി ഉയരത്തിൽ വരുന്ന ശില്പമാണ് നിർമിക്കുന്നത്. കണ്ണൻ നായരുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് ശില്പ നിർമ്മാണം പുരോഗമിക്കുന്നത്.ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവരാണ് എസി കണ്ണൻ നായരും ആദ്യത്തെ കെ.പി സി.സി. പ്രസിഡന്റായ കൂടാളി താഴത്തു വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരും വിദ്വാൻ പി. കേളു നായരും. സഖാവ് കൃഷ്ണപ്പിള്ള , എ.കെ.ജി, ഇ.എം.എസ്, കെ.എ.. കേരളീയൻ, മൊയാരത്ത് ശങ്കരൻ ,കെ.മാധവൻ, കെ.കേളപ്പൻ , മഹാകവി പി. കുഞ്ഞിരാമൻ നായർ , മഹാകവി കുട്ടമത്ത് ,ടി.എസ്. തിരുമുമ്പ് , രസിക ശിരോമണി കോമൻ നായർ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ അതികായന്മാരെല്ലാം ഒത്തു ചേരുന്നതും വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുന്നതും മേലാങ്കോട്ടുള്ള എ.സി. കണ്ണൻ നായരുടെ വീടായ പാത്തായപുരയിൽ വെച്ചായിരുന്നു.
നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലം ആണ് ശിൽപം നിർമ്മിക്കുന്നത് . നാട് നിറഞ്ഞു നിന്ന കണ്ണൻ നായരുടെ വിവിധ ഭാവത്തിലുള്ള ഫോട്ടോകൾ ലഭ്യമല്ലാത്തത് ശില്പ നിർമ്മാണത്തിന് ഏറെ പ്രയാസം സൃഷ്ടിച്ചു. മകൻ കെ.കെ. ശ്യാംകുമാർ നൽകിയ ഒറിജിനൽ ഫോട്ടോയാണ് ശില്പ നിർമാണത്തിന് അവലംബിച്ചത്. ഫൈബറിൽ നിർമ്മിച്ച ശില്പം വെങ്കല നിറത്തോട് കൂടിയാണ് പൂർത്തിയാക്കുക .മൂന്നു മാസത്തോളം സമയമെടുത്ത് കളിമണ്ണിൽ നിർമിച്ച ശില്പം പാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ചെയ്തതിനുശേഷമാണ് ഫൈബറിൽ ഫിനിഷിങ് ചെയ്യുന്നത്. എ.സി കണ്ണൻ നായരുടെ മക്കളായ കെ.കെ. ശ്യാംകുമാർ , എച്ച്.കെ.മോഹൻദാസ് , കണ്ണൻ നായരുടെ പൗത്രിയുടെ ഭർത്താവ് ഒ.കെ. വിജയൻ നമ്പ്യാർ, സ്കൂൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ , അധ്യാപകനായ പി.കുഞ്ഞിക്കണ്ണൻ എന്നിവർ ശില്പിയുടെ കുഞ്ഞിമംഗലത്ത് ഉള്ള പണിപ്പുരയിൽ എത്തി ശില്പനിർമ്മാണം വിലയിരുത്തി. കെ.വി കിഷോർ ,കെ.ചിത്ര എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായി.ഇതിനോടകം തന്നെ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ ചെയ്ത ശ്രദ്ധേയനാണ് ചിത്രൻ കുഞ്ഞിമംഗലം .യുഎഇ രാജ്യത്ത് സ്ഥാപിച്ച ആദ്യത്തെ മഹാത്മാഗാന്ധി ശിൽപം നിർമ്മിച്ച ജനശ്രദ്ധ നേടി.മഹാത്മാഗാന്ധി, എകെജി, ഇഎംഎസ്, ആലക്കോട് രാജ, കെ കേളപ്പൻ ,സഞ്ജയൻ, മറഡോണ, ധനരാജ് ,ഇമ്പിച്ച ബാവ തുടങ്ങി നിരവധി ശില്പങ്ങൾ തീർത്തു .കേരള ഫോക്ലോർ അക്കാദമി അവാർഡ് , കേരള ക്ഷേത്രകലാ അക്കാദമി അവാർഡ് .സി എഫ് നാഷണൽ അവാർഡ് തുടങ്ങിയവ നേടിയിരുന്നു. കിഷോർ.കെ.വി ,ചിത്ര. കെ എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായി .ഇന്ത്യൻ പാർലമെൻറ്ൽ എ.കെ.ജിയുടെ ശിൽപം നിർമ്മിച്ച പ്രശസ്ത ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററുടെ മകനാണ് ചിത്രൻ, കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനും ആണ്.ശില്പനിർമ്മാണം പൂർത്തിയായാലുടൻ സ്കൂളിനു മുന്നിൽ സ്ഥാപിക്കും