കാഞ്ഞങ്ങാട് : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തിരിതെളിച്ചതോടെ കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന്കാഞ്ഞങ്ങാട്ട് തുടക്കമായി. രാവിലെ ഒന്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവാണ് കലോത്സവ നഗരിയിൽ പതാകഉയർത്തിയത്. തുടർന്ന് പ്രധാന വേദിയായ ഐങ്ങോത്തെ മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ സ്വാഗത ഗാനത്തോടെ ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി.
. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി.. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടതി..നടൻ ജയസൂര്യ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്മോൻ ഉണ്ണിത്താൻ എം പിജില്ലയിലെ എം.എൽ.എമാർ എന്നിവർ പങ്കെടുത്തു .
നൃത്തച്ചുവടുകളാലും അഭിനയത്തികവിനാലും കലോത്സവം അത്യുത്തര കേരളത്തിലെ സാംസ്കാരിക കേന്ദ്രത്തെ ത്രസിപ്പിക്കും. 28 വർഷങ്ങളുടെ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിച്ചാണ് കാസർകോട് ജില്ല വീണ്ടുമെത്തുന്ന കലാമാമാങ്കത്തെ വരവേൽക്കുന്നത്. അതിനാൽ പ്രദേശമാകെ ആവേശക്കടലിലാണ്.
തങ്കത്തിളക്കവുമായി അറുപതിലെത്തുന്ന സ്കൂൾ കലോത്സവത്തിന് യുവത്വത്തിന്റെ ചടുലതയും താളവുമേകാൻ കലാപ്രതിഭകൾ കാഞ്ഞങ്ങാട്ട് ഇന്നലെമുതൽ എത്തിത്തുടങ്ങി. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികൾ 117 പവൻ സ്വർണക്കപ്പിന് മുത്തമിടുന്നതിനായി നാല് രാപകലുകളിൽ കൈ മെയ് മറന്ന് മത്സരിക്കും.
60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിനൊപ്പം വിദ്യാർഥികൾ നൃത്തച്ചുവട് ആവേശം കോരിച്ചൊരിഞ്ഞു . പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സ്വാഗതഗാനം ഒരുക്കിയത്. വടക്കിന്റെ കലാരൂപമായ മംഗലം കളി, പൂരക്കളി, പുള്ളുവൻ പാട്ട് എന്നിവയൊക്കെ സമന്വയിപ്പിച്ച ഗാനത്തിന്റെ രചയിതാവ് മഹാകവി കുട്ടമത്തിന്റെ ചെറുമകനും ചട്ടഞ്ചാൽ സ്കൂളിലെ അധ്യാപകനുമായ മണികണ്ഠദാസാണ്. ശാസ്ത്രീയ നൃത്തങ്ങളും തിരുവാതിര, ഒപ്പന, കഥകളി എന്നിവയൊക്കെ ചേർന്ന സ്വാഗത നൃത്തം വേറിട്ട അനുഭവമായി.