ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; 40 പേര് മണ്ണിനടിയില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്
സിംല’: ഹിമാചല്‍ പ്രദേശില്‍ കിന്നൗറില്‍ മണ്ണിടിച്ചിലില്‍ 40 പേര് അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. ഒരു ബസും കാറും മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന.
റീകോംഗ് പി്യോ-ഷിംല ഹൈവേയിലാണ് മണ്ണിടിഞ്ഞതെന്ന് ഐ.ടി.ബി.പി ട്വീറ്റ് ചെയ്തു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. ഒരു ട്രക്കും, ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസും ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍ പെട്ടു. നിരവധി പേര് കുടുങ്ങിക്കിടപ്പുണ്ട്. ഐ.ടി.ബി.പി സംഘം രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടുവെന്നും ട്വിറ്ററില്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് പോലീസിനും പ്രദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. ദുരന്ത നിവാരണ സേന സേന അടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ബസും ഒരു കാറും മണ്ണിനടിയില്‍ പെട്ടുവെന്നാണ് വിവരം. വിശദമായ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കനത്ത മഴയെ തുടര്‍ന്ന് ഹിമാചലില്‍ പലയിടത്തും വ്യാപകമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിര്‍മൗര്‍ ജില്ലയില്‍ 100 മീറ്ററോളം റോഡ് ഇടിഞ്ഞു കൊക്കയില്‍ പതിച്ചു. നിരവധി കുന്നുകളും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.