കാലാവധി കഴിഞ്ഞ ദുബൈ വിസകളുടെ കാലാവധി നീട്ടുന്നു
ദുബൈ: ദുബൈയിെല കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നൽകുന്നു. ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റ് വഴി പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാർ അറിയുന്നത്. ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക് വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്. നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്. അബൂദബി, ഷാർജ ഉൾപെടെ മറ്റ് എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അതേസമയം, മെയ് മാസത്തിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്സ്പയറി ഡേറ്റാണ് നിലവിൽ നീട്ടിയിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ചിലർക്ക് ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്സ്പയറി ഡേറ്റ് കാണിക്കുന്നത് നവംബർ 9, ഡിസംബർ 9 തീയതികളാണ്. ഇതോടെ ദുബൈയിലേക്ക് യാത്ര ചെയ്യാൻ ജി.ഡി.ആർ.എഫ്.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്ഥർ പറയുന്നു.
ദുബൈയിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറ് മാസത്തിനുള്ളിൽ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ് നിയമം. എന്നാൽ, യാത്രാവിലക്ക് മൂലം പലർക്കും ഇതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക് ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക് വഴി വിസ കാലാവധി പരിശോധിക്കാം.