കുടുംബവഴക്ക്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
മാവേലിക്കര: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45), ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച പുലർച്ച 1.30നാണ് സംഭവം. ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ, രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സന്തോഷ് തിരികെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ടൈല്‍ ജോലിക്കാരനാണ് സന്തോഷ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയാണ്. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.