തലശ്ശേരിയിലെ പോക്സോ കേസ്: പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് ഡോക്ടര്‍, ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്
തലശ്ശേരി: പോക്സോ കേസില്‍ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലം. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞദിവസമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യന്‍, സര്ജന്, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്ജന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ ലൈംഗികശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗികശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശചെയ്യുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് പറഞ്ഞു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീന് ഇപ്പോള്‍ ജാമ്യത്തിലാണ്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12-ന് കോടതി പരിഗണിക്കും. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാന്‍ഡില്‍ കഴിയുന്നത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരേയുള്ള കേസ്. മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.