കാവ്യ മാധവന് കൂറുമാറി,നടിയെ ആക്രമിച്ച കേസിൽ 34. ആം സാക്ഷിയാണ് കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറി. 34ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷന് വിസ്താരത്തിനിടയിലാണ് കൂറുമാറിയത്.
വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന് കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന് വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2017 ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.
വിചാരണയ്ക്കുള്ള സമയം അടുത്തമാസത്തോടെ അവസാനിക്കാനിരിക്കെ ഇനിയും ആറു മാസം സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്കിയപ്പോള് 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
.