രണ്ട് ഡോസും വ്യത്യസ്ത വാക്സീനുകള്‍; പരീക്ഷണത്തിന് അനുമതി
ന്യൂഡല്‍ഹി:കോവാക്സീനും കോവിഷീല്‍ഡും വ്യത്യസ്ത ഡോസായി നല്കി പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയും അനുമതി നല്കി.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയെന്ന് വിദഗ്ധ സമിതി ദിവസങ്ങള്‍ക്കുമുന്‍പ് അറിയിച്ചിരുന്നു. ആരോഗ്യവാന്മാരായ 300പേരിലായിരിക്കും പരീക്ഷണം.
ഒന്നും രണ്ടും ഡോസായി വ്യത്യസ്ത വാക്സീനുകള്‍ നല്‍കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വെല്ലൂരിലെ പരീക്ഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ഇത്തരത്തില്‍ വ്യത്യസ്ത വാക്സീന് നല്‍കാമോ എന്നതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. വ്യത്യസ്ത വാക്സീന് നല്കാന് സാധിച്ചാല്‍ വാക്സീന് വിതരണം വേഗത്തിലാക്കാനും രണ്ടാംഡോസിനായുള്ള കാത്തിരിപ്പ് കുറയ്ക്കാനും കഴിയും.