ന്യൂഡൽഹി: ഒരാൾക്ക് ഒരു സീറ്റിൽമാത്രം മത്സരിക്കാൻ കഴിയുന്നതുൾപ്പെടെയുള്ള സമഗ്ര പരിഷ്കാരങ്ങൾക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന വ്യവസ്ഥകളുടെ പരിഷ്കരണമുൾപ്പെടെ നിരവധി പുതിയ നിർദേശങ്ങൾ കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് സമർപ്പിക്കും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചാലുടൻ പുതിയ നിയമസെക്രട്ടറി അനൂപ്കുമാർ മെൻഡിരാറ്റയുമായി കൂടിക്കാഴ്ച നടത്തുമെന്ന് തെരഞ്ഞെടുപ്പു കമീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ ഒരാൾക്ക് രണ്ടു സീറ്റിൽ മത്സരിക്കാം. രണ്ടിലും വിജയിച്ചാൽ ഒരുസീറ്റ് രാജിവയ്ക്കണം. ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നതിനാൽ അധികച്ചെലവുണ്ടാകും. ഒരാൾ ഒരുസീറ്റിൽമാത്രം മത്സരിക്കുന്നതിന് വ്യവസ്ഥചെയ്യുകയോ രണ്ടുസീറ്റിലും വിജയിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നാൽ കാരണക്കാരനായ സ്ഥാനാർഥിയിൽനിന്ന് ചെലവ് പിഴയായി ഈടാക്കുകയോ വേണമെന്നാണ് ശുപാർശ.
നിലവിൽ ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കുമാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നുള്ളൂ. ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നാം തീയതിക്കുമുമ്പ് 18 വയസ്സ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേര് ചേർക്കാർ അവസരമുണ്ടാകണം എന്ന് കമീഷൻ ശുപാർശ ചെയ്യുന്നു.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കാനും കമീഷൻ ആലോചിക്കുന്നുണ്ട്.