കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആട് ഫാമിന്റെ നിര്‍മ്മാണ പ്രവൃത്തി ബേഡഡുക്കയില്‍ പുരോഗമിക്കുന്നു. ചുറ്റുമതിലിന്റെയും കുഴല്‍ കിണറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി ഫൗണ്ടേഷനും നടത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കന്നതിന് മുന്‍പ് ആവശ്യമായ വൈദ്യുതി കണക്ഷന് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു അന്നത്തെ വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആട് ഫാമിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ 200 ആടുകളെ വീതം ഒന്നിച്ച് നിര്‍ത്താവുന്ന അഞ്ച് ആട് ഷെഡുകളും ഒരു ഓഫീസ് കെട്ടിടവുമാണ് പദ്ധതിയുടെ ഭാഗമാവുക. ഇവിടെ രോഗബാധിതരായ ആടുകളെ ശുശ്രൂഷിക്കാനും, ഗര്‍ഭിണികളായ ആടുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രത്യേകം സൗകര്യം സജ്ജമാക്കും. ആടുകള്‍ക്കാവശ്യമായ ഭക്ഷണങ്ങളും ഇവിടെ തന്നെ ഉത്പാദിപ്പിക്കും. ഓഫീസ് കെട്ടിടം പി.ഡബ്ല്യൂ.ഡിയും ആട് ഷെഡ്ഡുകള്‍ ഹൗസിങ് ബോര്‍ഡുമാണ് നിര്‍മ്മിച്ചു നല്‍കുക.
22.74 ഏക്കര്‍ സ്ഥലത്ത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നാമക്കല്ല് മുട്ടക്കോഴിക്ക് പ്രസിദ്ധമായത് പോലെ നല്ലയിനം ആടുകളെന്നാല് ഹൈടെക് ആട് ഫാം ബേഡഡുക്ക എന്ന് ആക്കുവാന് സാധിക്കും. നല്ലയിനം മലബാറി ആടുകള്‍, പാല്, മാംസം, ജൈവവളം എന്നിവ ഇവിടെ ഉത്പാദിപ്പിക്കും. കുറ്റിക്കാടുകളും ചെറുമരങ്ങളും ധാരാളമുള്ള ജില്ലയില്‍ പദ്ധതിക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികള്‍ക്കും നല്‍കും. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.പി നാഗരാജ് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.