കൊച്ചി : ഇ-ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷന് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരം റദ്ദാക്കി. അപകടകരമായ രീതിയല്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങളുടെ ലംഘനത്തിനുമാണ് നെപ്പോളിയന് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നടപടിയെടുത്തത്.
വ്ലോഗര്‍മാര്‍ അപ്ലോഡ് ചെയ്ത ചില വീഡിയോകള്‍ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ ഇതുവരെ അപ്പ്ലോഡ് ചെയ്ത വീഡിയോകള്‍ മുഴുവന്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്ലോഗര്‍മാര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി വീഡിയോകള്‍ ഫ്രീസ് ചെയ്യും.
ബിഹാറിലെ റോഡില്‍കൂടി ആംബുലന്‍സുകള്‍ക്ക് സമാനമായ സൈറണ്‍ മുഴക്കി അമിത വേഗത്തില്‍ പോകുന്ന വീഡിയോ പരിശോധിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര് ഇളങ്കോ അറിയിച്ചു. സൈറണ്‍ ശബ്ദം കേട്ട് പൊലീസ് വാഹനമടക്കം ഇവര്‍ക്ക് വഴിമാറികൊടുക്കുന്നതും, ആംബുലന്‍സ് ആണെന്ന് തെറ്റിധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
വാന്‍ ലൈഫ് യാത്രകള്‍ നടത്തി യൂട്യൂബില്‍ വിഡിയോ പങ്കുവെക്കുന്ന ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. എംവിഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കിയിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂടൂബിലൂടെ പങ്കുവെച്ച ഇവര്‍ എംവിഡി ഓഫീസിലേക്ക് വരാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് എംവിഡി ഓഫീസില്‍ എത്തിയ ഇവര്‍ ബഹളം വെക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രമോദ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡം ലംഘിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ 17 പേര്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇതിനിടെ കോടതി റിമാന്‍ഡ് ചെയ്ത സഹോദരങ്ങള്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യഹര്‍ജി നല്കി.