കാസർകോട്: ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച് രാജധാനി ജ്വലറി കവര്‍ച നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. മംഗളുറു കാർകളയിലെ മുഹമ്മദ് റിയാസ് (32) ആണ് പിടിയിലായത്. കർണാടകയിലെ കുദ്രമുഖിൽ നിന്നും കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കേസിൽ തൃശൂർ കൊടുങ്ങല്ലൂരിലെ സത്യേഷ് എന്ന കിരൺ (35) നേരത്തെ പിടിയിലായിരുന്നു. സംഘത്തിലെ ഏക മലയാളി സാന്നിധ്യമാണ് ഇയാൾ എന്നാണ് കരുതുന്നത്. കവർചയ്ക്കിടെ തൃശൂർ ഭാഷ സംസാരിച്ചത് ഇയാളെ പിടികൂടുന്നതിന് നിർണായകമായിരുന്നു.
ജൂലൈ 26 ന് പുലര്‍ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജ്വലറിയുടെ പൂട്ടു പൊളിച്ച് അകത്ത് കയറിയ സംഘം കാവൽക്കാരനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. കവർച കഴിഞ്ഞു പോകുന്നതിനിടെ പ്രതികൾ കർണാടക പൊലീസിനെ കണ്ട് ഉപേക്ഷിച്ച കാറിൽ നിന്ന് ഏഴ് കിലോ വെള്ളിയാഭരണങ്ങളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കർണാടക ഉള്ളാളിൽ നിന്നാണ് തൊണ്ടിമുതലും കാറും പിടികൂടിയത്.
മുഹമ്മദ് റിയാസിനെ പിടികൂടിയ ഡി വൈ എസ് പിയുടെ സംഘത്തിൽ എസ് ഐ ബാലകൃഷ്ണൻ സി കെ, എസ് ഐ നാരായണൻ നായർ, എസ് ഐ അബൂബകർ, എ എസ് ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്. സൈബർ സെൽ സിപിഒ മനോജ് എന്നിവർ ഉണ്ടായിരുന്നു.