കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാന് അച്ഛനും അമ്മയും കൂട്ടുനിന്നെന്ന് പൊലീസ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ 26ന് ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില് വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. ജൂലൈ അഞ്ചിന് കേസിലെ പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് അഞ്ച് പേർ കൂടി അറസ്റ്റിലായി. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കൾ മറച്ചുവെച്ച വിവരം പുറത്തു വരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ കാസർകൊട് വനിതാ പൊലീസ് സ്റ്റേഷനിൽ നിലവിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസ്, സുബ്ബ, വാസുദേവ ഗെട്ടി അബൂബകർ, സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാന് എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റ് അഞ്ചു പേർ.
പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്തുവന്നതും പ്രതികൾ ഒന്നൊന്നായി പിടിയിലായതും. സഹോദരനെ ചോക്ലേറ്റും മറ്റും നൽകി കാറിലിരുത്തി പെൺകുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പന്തൽ ജോലി ചെയ്യുന്ന, കേസിലെ ഒരു പ്രതി ബിരിയാണിയും മറ്റും നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. കാസർകോട് വനിതാ സ്റ്റേഷൻ കേന്ദ്രീകരിച്ച് വെവ്വേറെ കേസുകൾ റെജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തി വരുന്നത്.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുകയാണ് പെൺകുട്ടി ഇപ്പോൾ. വീട്ടിലെ ദാരിദ്യം മുതലെടുത്താണ് മധ്യവയസ്കരായ പ്രതികൾ സ്വന്തം മകളുടെ പോലും പ്രായമില്ലാത്ത പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് വിവരം
ആദ്യ അറസ്റ്റിന് പിന്നാലെ ബി എൻ സിക്ക് ലഭിച്ച ചില വിവരങ്ങൾ ഉൾപ്പെടുത്തി ഔദ്യോഗികമായി മുൻ ഡി വൈ എസ് പി. പി. പി സദാനന്ദന് നൽകിയ പരാതിയിൽ ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്