കണ്ണൂർ : ഇ ബുള്‍ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദ്മലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.
ഫോളോവേഴ്സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാന്‍ ആകില്ലെന്നും ഇ ബുള്‍ ജെറ്റിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആള്‍ട്ടറേഷനുകള്‍ എല്ലാം മാറ്റി വന്നില്ലെങ്കില്‍ ആര്‍സി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.