പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു
മുംബൈ :തുടര്‍ച്ചയായി പഠിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ് കുട്ടിയെ നിര്‍ബന്ധിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും എതിര്‍ത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞു.
പഠിക്കണമെന്ന് തുടര്‍ച്ചയായി മാതാവ് നിര്ബന്ധിക്കുന്നതിനെത്തുടര്ന്ന് കലഹമുണ്ടായിരുന്നു. ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ജൂലൈ 27ന് പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. കൂട്ടാനെത്തിയെ അമ്മയുമായി പെണ്‍കുട്ടി വഴക്കിട്ടു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.
ജൂലൈ 30ന് ഉച്ചതിരിച്ച് പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തമ്മില്‍ വീണ്ടും ബഹളമുണ്ടായി. അമ്മ പെണ്‍കുട്ടിയെ അടിക്കുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി അമ്മയെ തള്ളിയിട്ടശേഷം കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനുശേഷം അമ്മ വാതില്‍തുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്നും പൊലീസ് പറഞ്ഞു.