81കാരനായ റിട്ട.പ്രൊഫസറും സുഹൃത്തും ചേര്‍ന്ന് വീട്ടുവേലക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ഭോപ്പാല്‍:81കാരനായ റിട്ടയേഡ് പ്രൊഫസറും ബിസിനസുകാരനായ സുഹൃത്തും(60) ചേര്‍ന്ന് വീട്ടുവേലക്കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഭോപ്പാലിലെ ഒരു ഫാം ഹൗസില്‍ ആഗസ്ത് 8നാണ് സംഭവം നടന്നത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയേഡ് കോളേജ് പ്രൊഫസറും കവിയുമായ ദേവേന്ദ്ര പാണ്ഡെ, ഇദ്ദേഹത്തിന്റെ സുഹൃത്തും സെക്യൂരിറ്റി ഏജന്‍സി ഉടമയുമായ ശിവ നാരായണന് പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. ശിവ നാരായണന്റെ ഫാം ഹൗസില്‍ വച്ചാണ് പീഡനം നടന്നത്. സെഹോര്‍ സ്വദേശിയായ യുവതി(38) കഴിഞ്ഞ 21 വര്‍ഷമായി ഫാം ഹൌസില്‍ സഹായിയായി ജോലി ചെയ്യുകയാണ്. ഇവരുടെ ഭര്‍ത്താവ് സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരനാണ്.
ശിവ നാരായണ്‍ പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയും ഫാം ഹൗസില്‍ വച്ച് മാറി മാറി തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ശിവനാരായണന്‍ തന്നെ ഇതിനു മുന്‍പും പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. കുളിക്കുന്നതിനിടെ വീഡിയോ പകര്‍ത്തിയ പ്രതി അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഞായറാഴ്ച യുവതി ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു. കൂട്ടബലാത്സംഗക്കുറ്റം ചുമത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.